സ്വാതന്ത്ര്യസമരവും അനന്തപുരിയും
ദേശീയപ്രസ്ഥാനം
ദേശീയ സംഘടനകള്‍
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
നവോത്ഥാനം
കലാപങ്ങള്‍
സമരസേനാനികള്‍
സ്വാതന്ത്ര്യാനന്തര തിരുവിതാംകൂര്‍
ദേശീയപ്രസ്ഥാനം
രാജവാഴ്ചയില്‍ പ്രകടമായ അനീതികള്‍ക്കെതിരെയുണ്ടായ ജനങ്ങളുടെ പ്രക്ഷോഭമായിട്ടായിരുന്നു തിരുവിതാംകൂര്‍ ദേശീയപ്രസ്ഥാനത്തിന്റെ തുടക്കം. ജനായത്ത ഭരണവാദികളായ എട്ടുവീട്ടില്‍ പിള്ളമാരുടെ, അനീതിയ്ക്കെതിരേയും മേല്‍ക്കോയ്മയ്ക്കെതിരേയും വേലുത്തമ്പി സമാരംഭിച്ച പോരാട്ടം സ്വാതന്ത്ര്യസമരത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു. ശിപായി ലഹളയെന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിനു മുന്‍പു തന്നെ തിരുവിതാംകൂര്‍ പട്ടാളം വെള്ളക്കാര്‍ക്കെതിരെ സായുധ കലാപത്തിനു തുടക്കം കുറിച്ചു. 1809 ജനുവരി 11 ലെ വേലുത്തമ്പിയുടെ കുണ്ടറ വിളംബരം ആദ്യ പടഹധ്വനിയായിരുന്നു. വേലുത്തമ്പിയുടെ കാലഘട്ടത്തിനു ശേഷം റസിഡന്റു സായ്പുമാരുടെ ഉപജാപകരായി വന്ന പരദേശിബ്രാഹ്മണരുടെ പ്രത്യേകിച്ച് റാവുമാരുടെ, കൈക്കുള്ളിലായി തിരുവിതാംകൂര്‍ ഭരണം. പരദേശി ബ്രാഹ്മണര്‍ സ്വജനപക്ഷപാതികളായിരുന്നു. സര്‍ക്കാര്‍ നിയമനങ്ങളൊക്കെ പരദേശി ബ്രാഹ്മണര്‍ക്ക് പങ്കിടുന്നതിനെതിരായുള്ള പ്രക്ഷോഭമായിരുന്നു മലയാളി മെമ്മോറിയലിനു പ്രാരംഭം കുറിച്ചത്. ധീരദേശാഭിമാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന ബാരിസ്റ്റര്‍ ജി.പി.പിള്ള മദ്രാസിലും പിന്നീട് ബ്രിട്ടണിലും സമാരംഭിച്ച ആശയപരമായ സമരവും ഡോ.ചെമ്പകരാമന്‍ പിള്ളയും ഡോ.പത്മനാഭ പിള്ളയും ചേര്‍ന്ന് രൂപംകൊടുത്ത “ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്റും”ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടേയും ഭാരതസ്വാതന്ത്ര്യസ്നേഹികളുടേയും പ്രസ്ഥാനമായി മാറി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, വക്കം അബ്ദുല്‍ ഖാദര്‍ മൌലവി എന്നിവര്‍ നല്‍കിയ സംഭാവനകള്‍ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാലഘട്ടത്തില്‍ ചെലുത്തിയ സ്വാധീനവും നിര്‍ണ്ണായകമായിരുന്നു.
ആദ്യമായി ലെജിസ്ലേറ്റീവ് കൌണ്‍സില്‍ രൂപം കൊണ്ട നാട്ടുരാജ്യമെന്ന പദവിക്കര്‍ഹമായത് തിരുവിതാംകൂറാണ്. ഇക്കാരണത്താല്‍ ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലേതിനെപ്പോലെ സ്വാതന്ത്ര്യസമരം തിരുവിതാംകൂറില്‍ വേണ്ടത്ര ശക്തിയാര്‍ജ്ജിച്ചിരുന്നില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങളേക്കാള്‍ ശക്തമായ സാമുദായിക സാമൂഹിക സംഘടനകള്‍ ഈ കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ കരുത്താര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഈ സാമുദായിക സംഘടനകളൊക്കെത്തന്നെ ദേശീയ പ്രസ്ഥാനങ്ങളുടെ സ്വഭാവമുള്‍ക്കൊള്ളുന്നവയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിലെ റസിഡന്റ്സായിപ്പന്മാര്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളായിരുന്നു. അവരുടെ പിന്‍ബലം കൂടിയായപ്പോള്‍ വിവിധ ക്രിസ്തീയസംഘടനകളും ഇവിടെ പ്രബലവിഭാഗമായി. 1860-ല്‍ ഉണ്ടായ നാടാര്‍ ലഹള പൌരാവകാശം സ്ഥാപിച്ചു കിട്ടുന്നതിന്, ക്രിസ്ത്യന്‍നാടാര്‍സമൂഹം മിഷണറിമാരുടെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ സംഘടിത മുന്നേറ്റമായിരുന്നു. ക്രൈസ്തവര്‍, ഈഴവര്‍, മുസ്ളീങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ നിവര്‍ത്തന പ്രക്ഷോഭവും അനന്തര നടപടികളും തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു. സാമൂഹികപരിഷ്ക്കരണ സന്ദേശവുമായി സമാരംഭിച്ച നിവര്‍ത്തന പ്രക്ഷോഭം ക്രമേണ വര്‍ഗ്ഗീയ സ്വഭാവമുപേക്ഷിച്ച് തിരുവിതാംകൂറിന്റെ പ്രാദേശിക രാഷ്ട്രീയ കക്ഷിയായ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ലയിച്ചു. 1910-ല്‍ ഭാരതമാതാ അസോസിയേഷന്‍ എന്നൊരു രഹസ്യ സംഘടന രൂപീകൃതമായി. തിരുവിതാംകൂറുകാരായിരുന്ന വഞ്ചി അയ്യര്‍, ജഗന്നാഥ അയ്യര്‍ എന്നിവരായിരുന്നു അതിന്റെ സംഘാടകര്‍. പോണ്ടിച്ചേരിയിലെ തീവ്രസംഘനേതാവായിരുന്ന നീലകണ്ഠ ബ്രഹ്മചാരിയുമായി അവര്‍ ബന്ധപ്പെട്ടു. ബ്രിട്ടീഷുകാരെ ആവുന്നത്ര വകവരുത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അതിന്റെ ആദ്യ പ്രകടനമായിരുന്നു തിരുനെല്‍വേലി ജില്ലാകളക്ടര്‍ ആയിരുന്ന ആഷ് സായിപ്പിനു നേരെയുള്ള ആക്രമണം. 1912 ജൂണ്‍ 17 ന് സായിപ്പ് തിരുനെല്‍വേലി ബ്രിഡ്ജ് സ്റ്റേഷനു സമീപം വധിക്കപ്പെട്ടു. ഇതിനു ശേഷം വഞ്ചി അയ്യര്‍ ആത്മഹത്യ ചെയ്തു. 1919-ല്‍ തിരുവിതാംകൂര്‍ പ്രദേശത്ത് നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വളര്‍ച്ചയ്ക്ക് ഉറച്ച അടിത്തറ പാകിയ സവിശേഷ വ്യക്തിത്വമായിരുന്നു എ.കെ പിള്ളയുടേത്.
1923-ല്‍ ദിവാന്‍ രാഘവയ്യയുടെ കാലത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിന് ശക്തി പ്രദാനം ചെയ്ത മറ്റൊരു സമരമുഖമാണ്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ പട്ടം താണുപിള്ളയുടെ ധീരമായ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ പ്രക്ഷോഭവും ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം ജനങ്ങള്‍ സംഘടിതരായി. യോഗങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചു. പ്രക്ഷോഭണത്തോട് അനുഭാവം പ്രകടിപ്പിച്ച പത്രങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്തു. 1938 കാലഘട്ടത്തില്‍ ക്രൂരമായ മര്‍ദ്ദനങ്ങളുടേയും പോലീസ് വെടിവയ്പിന്റേയും ഭീതിദമായ അന്തരീക്ഷമായിരുന്നു. 1938 ഫെബ്രുവരി 2 ന് ‘ഉത്തരവാദഭരണ പ്രമേയം’ ടി.എം.വര്‍ഗ്ഗീസ് നിയമസഭയില്‍ അവതരിപ്പിച്ചു. 1938 ആഗസ്റ്റ് 31 ന് നെയ്യാറ്റിന്‍കര വെടിവെയ്പില്‍ രാഘവന്‍ രക്തസാക്ഷിത്വം വരിച്ചു. 1938 സെപ്തംബര്‍ 21 ന് വീണ്ടും ശംഖുംമുഖത്തു നടന്ന വിപുലമായ സമ്മേളനത്തില്‍ പോലീസും ജനങ്ങളും ഏറ്റുമുട്ടി. പോലീസിന്റെ വെടിയേറ്റ് 3 പേര്‍ മരിച്ചു. പി.കൃഷ്ണപിള്ളയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ചത്. പക്ഷേ പാര്‍ട്ടിയെ ആദ്യകാലത്ത് (1930) നിയന്ത്രിച്ചു വളര്‍ത്തിക്കൊണ്ടു വന്ന പ്രധാനികള്‍ ഇ.എം.എസും, എന്‍.സി.ശേഖറും, എന്‍.പി.കുരിക്കളും ആയിരുന്നു. തിരുവനന്തപുരത്ത് സ്റ്റാച്യൂവില്‍ പാര്‍ട്ടിക്ക് ഒരു ആഫീസ് പ്രവര്‍ത്തിച്ചിരുന്നു. പ്രവര്‍ത്തനം ഒളിവിലായിരുന്നുവെങ്കിലും സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിര്‍ണ്ണായക പങ്കു വഹിച്ചു. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും സര്‍ സി.പി യുടെ സ്വതന്ത്ര തിരുവിതാംകൂര്‍ മുതലായ കുതന്ത്രങ്ങളെ തോല്‍പിക്കുന്നതിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാഗമായി തീരുന്നതിനും ശക്തമായ പൊതുജന അഭിപ്രായം സ്വരൂപിക്കേണ്ടി വന്നു. 1949-ല്‍ കൊച്ചിരാജ്യം കൂടി കൂട്ടിച്ചേര്‍ത്ത് തിരു-കൊച്ചിയും 1956-ല്‍ മലബാര്‍ ഭാഗം കൂടി ചേര്‍ത്ത് കേരളവും നിലവില്‍ വന്നത് ദേശീയബോധത്താല്‍ പ്രചോദിതമായ നിരന്തര സമരങ്ങളുടെ അന്തിമഫലമാണ്.
സ്റ്റേറ്റ് കോണ്‍ഗ്രസ്
നിയമസഭയോട് ഉത്തരവാദപ്പെട്ട ഒരു എക്സിക്യൂട്ടീവ് ആയിരിക്കണം ഇവിടെ ഭരണം നടത്തേണ്ടതെന്ന ആശയത്തിന് പ്രസക്തിയുണ്ടായത് നിവര്‍ത്തന പ്രക്ഷോഭം വിജയിച്ചതോടെയാണ്. അങ്ങനെ മതേതരവും രാഷ്ട്രീയവുമായ സംഘടനയുടെ ആവശ്യകത ഉയര്‍ന്നു വന്നു. ഇതാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ (ടി എസ് സി) ഉദയത്തിന് വഴിതെളിച്ചത്. 1938 ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് പുളിമൂട്ടില്‍ കെ.നാരായണപിള്ളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു രൂപം നല്‍കാനുള്ള ആലോചനാ യോഗം ചേര്‍ന്നു. എന്നാല്‍ തുടര്‍ന്നുള്ള എല്ലാ പരിപാടികളും സര്‍ക്കാര്‍ നിരോധിക്കുകയും മര്‍ദ്ദനമുറകള്‍ ഒന്നൊഴിയാതെ ആരംഭിക്കുകയും ചെയ്തു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ശാഖകള്‍ തിരുവിതാംകൂറിലെങ്ങും രൂപീകൃതമായി. നെയ്യാറ്റിന്‍കര താലൂക്ക് കോണ്‍ഗ്രസ് നിലവില്‍ വരികയും വ്യക്തമായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 1938 മേയ് 30 ന് ദിവാനെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിനു പരാതി നല്‍കി. മാത്രമല്ല ലോകത്തെങ്ങുമുള്ള ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്കും പരാതി അയച്ചു. ഈ നീക്കത്തെ സി.പി നിരോധിച്ചെങ്കിലും ദിവാനു പകരം ഒരു മന്ത്രിസഭ വേണമെന്ന ആവശ്യം ഇതോടെ ശക്തി പ്രാപിക്കാന്‍ തുടങ്ങി. 1936 നവംബര്‍ 12-ന്റെ ക്ഷേത്രപ്രവേശന വിളംബരത്തോടെ ലോകമെങ്ങും നിന്ന് അഭിനന്ദന പ്രവാഹം രാജാവിന്റെ അടുക്കലെത്തി. സി.പി തനിക്കെതിരെ പരാതിയില്‍ ഒപ്പിട്ടവരെ തെരഞ്ഞുപിടിച്ചു ജയിലിലിട്ടു. ഇക്കാര്യങ്ങള്‍ അറിഞ്ഞ ഗാന്ധിജി സി.പി ക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസുകാരോടാവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഇത്തരമൊരു നിലപാട് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ ഭിന്നത സൃഷ്ടിച്ചു. പട്ടം താണുപിളള ഗാന്ധിജിയെ അനുസരിച്ചപ്പോള്‍ സി. നാരായണപിള്ള കോണ്‍ഗ്രസ് വിട്ടുപോയി. ജയിലിലടച്ചവരെ ദിവാന്‍ തുറന്നുവിട്ടു. ഗാന്ധിജിയെ എതിര്‍ത്തവര്‍ പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരായി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
പി.കൃഷ്ണപിള്ളയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ സംഘടിപ്പിച്ചത്. ഇ എം എസും, എന്‍ സി ശേഖറും, എന്‍ പി കുരിക്കളും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഒളിവില്‍ ഇരുന്നുകൊണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അതുവഴി ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന് ആശയവും ആവേശവും നല്കുകയും ചെയ്തു. പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി നേതൃത്വം നല്‍കിയ എണ്ണമറ്റ സമരങ്ങള്‍ക്ക് വേദിയായിരുന്നു അനന്തപുരി. തിരുവിതാംകൂറില്‍ എല്ലായിടത്തും അസംതൃപ്തിയും ദുരിതവും കളിയാടിയിരുന്നു. തൊളിലാളികളുടെ അവസ്ഥ ഏറ്റവും പരിതാപകരമായിരുന്നു. അവര്‍ക്ക് സംഘടിയ്ക്കാനുള്ള സ്വാതന്ത്ര്യമോ തങ്ങളുടെ അവശതകള്‍ പരിഹരിക്കാനുതകുന്ന സൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഉദ്യോഗസ്ഥന്മാരുടെ സ്വേച്ഛാഭരണവും കേരോല്പന്നങ്ങളുടെ വിലയിടിവും കനത്ത നികുതിഭാരവും എല്ലാം കൂടിച്ചേര്‍ന്ന് ജീവിതം ദൂരിതപൂര്‍ണ്ണമായിരുന്നു. ഉദ്യോഗത്തിനും പ്രാതിനിധ്യത്തിനും വേണ്ടി വാദിച്ചിരുന്ന സാമുദായിക താല്പര്യങ്ങള്‍ പോലും തൃപ്തിപ്പെടുത്താന്‍ ഗവണ്‍മെന്റിനു കഴിഞ്ഞില്ല. കൂടാതെ തങ്ങള്‍ കൈയടക്കാന്‍ ആഗ്രഹിച്ചിരുന്ന സാമ്പത്തിക സംരംഭങ്ങളും, ട്രാന്‍സ്പോര്‍ട്ട്, വൈദ്യുതി മുതലായവയും ദേശസാല്‍ക്കരിച്ചതില്‍ വ്യാപാരി-മുതലാളി വര്‍ഗ്ഗം ക്ഷുഭിതരായിരുന്നു. എല്ലാ സമുദായങ്ങള്‍ക്കും നീതി ലഭിക്കുന്നതിനും സിവില്‍സര്‍വ്വീസ് ഏതാനും സമുദായങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്നത് അവസാനിപ്പിക്കാനുമുള്ള നിവര്‍ത്തന പ്രസ്ഥാനം തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. ഗവണ്‍മെന്റ് ഈ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ, ഉരുണ്ടുകൂടിയിരുന്ന അസംതൃപ്തി, ലോകവ്യാപകമായ സാമ്പത്തിക തകര്‍ച്ച, വര്‍ധിച്ച ഉദ്യോഗസ്ഥ മേധാവിത്വം, ബ്രിട്ടീഷ് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനുണ്ടായ മുന്നേറ്റം-ഇവയെല്ലാം ഉത്തരവാദ ഭരണത്തിനുവേണ്ടിയുളള ഒരു സമരത്തിന് അനുകൂല പശ്ചാത്തലം ഒരുക്കി. തിരുവിതാംകൂറിലെ എല്ലാ ജനതയേയും ഉള്‍ക്കൊള്ളുന്ന ഒരു പൊതുജനസംഘടന ഉണ്ടാകാന്‍ അത് വഴി തെളിച്ചു.
Best Deals on Luggage Bags and Refrigerators
എ.ഡി 7-ാം നൂറ്റാണ്ടു മുതല്‍ തിരുവിതാംകൂറില്‍ വേരുറയ്ക്കാനാരംഭിച്ച ബ്രാഹ്മണ പൌരോഹിത്യത്തിനെതിരായ ഒരു നിശബ്ദ വിപ്ലവത്തിന് 1888-ല്‍ തുടക്കം കുറിച്ചു. അവര്‍ണ്ണരില്‍പെട്ട ഈഴവനായ നാണുഗുരു ആഢ്യ ബ്രാഹ്മണര്‍ക്കു മാത്രം വിധിച്ചിരുന്ന ക്ഷേത്ര പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ബ്രാഹ്മണ പൌരോഹിത്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് അരുവിപ്പുറത്ത് താന്‍ നടത്തിയ ശിവ പ്രതിഷ്ഠയെ‘ഈഴവ ശിവന്‍’ആയി വ്യാഖ്യാനിച്ചതിലൂടെ നാണുഗുരു, ശ്രീനാരായണ ഗുരുവെന്ന പേരില്‍ കേരളത്തിലെ അധ:സ്ഥിതരുടെ ആരാധ്യാചാര്യനായി വളര്‍ന്നു. പ്രത്യേക ഉണര്‍വ്വോടെ മുന്നിട്ടിറങ്ങിയ അവശസമുദായങ്ങള്‍ തങ്ങളുടേതായി സംഘടനകള്‍, സ്കൂളുകള്‍, ഗ്രന്ഥശാലകള്‍, ക്ഷേത്രങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ എന്നിവ ആരംഭിക്കുകയും തനതായ ആചാര പരിഷ്ക്കാരങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും ചെയ്ത നവോത്ഥാന പ്രക്രിയയാണ് സംസ്ഥാനത്തുടനീളം ദൃശ്യമായത്. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഈ മാറ്റത്തിന്റെ അലയൊലി ശക്തമായി അനുഭവപ്പെട്ടിരുന്നു. 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി) രൂപീകൃതമായി. 1905-ല്‍ അയ്യങ്കാളി“സാധുജന പരിപാലന സംഘം” സംഘടിപ്പിച്ചു. ഈ സംഘടനകളുടെ പ്രവര്‍ത്തന ഫലമായി 1914-1918 കാലത്ത് വിദ്യാഭ്യാസം നേടുന്ന ഈഴവ കുട്ടികളുടെയും പുലയ കുട്ടികളുടെയും സംഖ്യ വര്‍ദ്ധിച്ചു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നു ആഗോള തലത്തില്‍ ആദരിക്കപ്പെടുന്ന സൂക്തമാണ്.
നായര്‍ സമുദായത്തിലെ ചിന്താശീലരും ഉത്പതിഷ്ണുക്കളുമായ വളരെയേറെ വ്യക്തികള്‍ അദ്ദേഹത്തിനു ശക്തമായ പിന്തുണ നല്‍കി. ഇക്കൂട്ടത്തില്‍ മുന്‍പിലുണ്ടായിരുന്നത് ചട്ടമ്പി സ്വാമികളാണ്. പണ്ഡിതവരേണ്യനായ ഇദ്ദേഹം ജാതി വ്യത്യാസത്തിലെ നിരര്‍ത്ഥകതയെ കുറിച്ച് നായര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചരണം നടത്തി പോന്നു. നാരായണ ഗുരുവിന്റെ പ്രവര്‍ത്തനത്തില്‍ ഊന്നല്‍ നല്‍കിയിരുന്നത് ജാതി അടിസ്ഥാനത്തിലുള്ള ചവിട്ടിത്താഴ്ത്തലും പീഢനങ്ങളും എതിര്‍ക്കുന്നതിലായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ “സംഘടിച്ചു ശക്തരാകുവിന്‍” എന്ന ആഹ്വാനമാണ് പില്‍ക്കാലത്തുണ്ടായ ജനകീയ മുന്നേറ്റങ്ങള്‍ക്കു പ്രചോദനം നല്‍കിയതെന്നു പറയാം. സംഘടിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അവര്‍ണ്ണര്‍ക്കൊപ്പം സവര്‍ണ്ണര്‍ക്കും ബോധ്യമായതിന്റെ പ്രതിഫലനമെന്നോണം 1907-ല്‍ നമ്പൂതിരിമാരുടെ ‘യോഗക്ഷേമ സഭ’ രൂപം കൊണ്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് നമ്പൂതിരി യുവാക്കളെ ആകര്‍ഷിക്കുക, കൂട്ടുകുടുംബ വ്യവസ്ഥ അവസാനിപ്പിക്കുക, കുടുംബ ഭാഗം അനുവദിക്കുക, സമുദായം പുലര്‍ത്തി പോന്ന പഴഞ്ചന്‍ ആചാര വൈകൃതങ്ങള്‍ക്ക് അറുതി വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യോഗക്ഷേമ സഭ പ്രവര്‍ത്തനമാരംഭിച്ചത്. 1907-ല്‍ “നായര്‍ സമാജം” രൂപം കൊണ്ടു. കുടുംബഭാഗം, വിവാഹം നിയമാനുസൃതമാക്കല്‍, പുരുഷന്റെ സ്വത്തിന്‍മേല്‍ ഭാര്യയ്ക്ക് അവകാശം ഉറപ്പു വരുത്തല്‍, പുരുഷന്റെ തനതുസമ്പാദ്യം ഭാര്യയ്ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ടതായി വ്യവസ്ഥ ചെയ്യല്‍ തുടങ്ങിയവയാണ് നായര്‍ സമാജം ആവശ്യപ്പെട്ട പരിഷ്ക്കാരങ്ങള്‍. നായന്‍മാര്‍ക്ക് സ്വന്തം ദേവാലയം നിര്‍മ്മിക്കണമെന്ന് അഭിപ്രായവും ഉന്നയിക്കപ്പെട്ടിരുന്നു. ദൈവ സന്നിധിയില്‍ പോലും ഉച്ചനീചത്വങ്ങള്‍ പാലിക്കപ്പെടുന്നതിനെതിരെ കനത്ത അമര്‍ഷം പ്രകടമായി. നായര്‍ സമാജം പില്‍ക്കാലത്ത് നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) ആയി മാറി. നവോത്ഥാന സന്ദേശങ്ങളുടെ അലകള്‍ മുസ്ളീങ്ങളുടെ ഇടയിലും എത്തിച്ചേര്‍ന്നിരുന്നു. വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ് ഇതിനു മുന്‍കൈ എടുത്തത്. സമുദായ ആശയങ്ങള്‍ക്കിടയില്‍ പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ‘ഇസ്ളാം ധര്‍മ്മപരിപാലന സംഘം, ’ജമാഅത്ത് ഉള്‍ ഇര്‍ഷാദ്’ എന്നിങ്ങനെ രണ്ട് സംഘടനകള്‍ക്ക് മൌലവി ജന്‍മം നല്‍കി. മുസ്ളീങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ആയിരുന്നു മുഖ്യലക്ഷ്യം. ഭരണ മണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ളീങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കുവാന്‍ മൌലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പില്‍ മുസ്ളീം എജ്യൂക്കേഷന്‍ ഇന്‍സ്പെക്ടര്‍, ഖുര്‍-ആന്‍ അദ്ധ്യാപകന്‍, അറബി മുന്‍ഷി എന്നീ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. അറബി പരീക്ഷകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങള്‍ സംശോധിച്ചു നിര്‍ദ്ദേശിക്കുക ‘അല്‍ ഇസ്ളാം’ എന്ന അറബി മലയാളി മാസികയും ‘മുസ്ളീം’ എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവര്‍ത്തനങ്ങള്‍ മൌലവി തുടര്‍ന്നു പോന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകന്‍ വക്കം മൌലവി ആയിരുന്നു.
ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട്, ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ദളിതരെ സ്വയംബോധവും ഐക്യവുമുള്ള ഒരു ജനതയാക്കി വളര്‍ത്തിയെടുക്കുവാന്‍ ഉദ്ദേശിച്ചാണ് അവര്‍ണ്ണ നേതാവായ അയ്യങ്കാളി ‘സാധുജന പരിപാലന സംഘം’എന്ന സംഘടനയ്ക്കു ജന്‍മം നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍പെട്ട വെങ്ങാനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ഈ ദളിത് സംഘടനയ്ക്ക് ഏറെ താമസിയാതെ സംസ്ഥാനമെമ്പാടുമായി ആയിരത്തിലേറെ ശാഖകള്‍ ഉണ്ടായി. വസ്തു വകകള്‍, കെട്ടിടങ്ങള്‍, സ്കൂള്‍, ഗ്രന്ഥശാല തുടങ്ങിയവയ്ക്കൊപ്പം ഈ സംഘടനയ്ക്ക് സ്വന്തമായി ഒരു വൃത്താന്ത പത്രവും ഉണ്ടായിരുന്നു. സാധുജന പരിപാലിനി എന്ന ഈ പ്രസിദ്ധീകരണമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ അംഗത്വം നേടാനും അയ്യങ്കാളിക്കു കഴിഞ്ഞു. അടിമത്വത്തില്‍ നിന്ന് അടിയാളത്തത്തിലേക്ക് പരിവര്‍ത്തിതരായ ജനസഹസ്രങ്ങളെ അയിത്തത്തിന്റെയും തത്തുല്യമായ വിലക്കുകളുടെയും മുള്ളുവേലികള്‍ താണ്ടിച്ച് ക്ഷേത്ര പ്രവേശനാനുവാദത്തിന് സമരം ചെയ്യാന്‍ പോന്ന അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം തിരുവിതാംകൂറില്‍ ആരംഭിച്ചു. ലണ്ടന്‍മിഷന്‍, ചര്‍ച്ച് മിഷന്‍ സൊസൈറ്റി, സാല്‍വേഷന്‍ ആര്‍മി എന്നീ മിഷണറി സംഘങ്ങളാണ് തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചത്. മതപ്രചരണമായിരുന്നു ഇവരുടെ മുഖ്യ ലക്ഷ്യം. വിദ്യാഭ്യാസ പ്രചരണവും ഇവര്‍ നടത്തി. തെക്കന്‍ തിരുവിതാംകൂറിലെ മിഷണറി സംഘങ്ങളുടെ പ്രവര്‍ത്തനഫലമായി ചാന്നാര്‍ സമുദായത്തില്‍ നിന്ന് ധാരാളം പേര്‍ ക്രിസ്ത്യാനികളായി തീര്‍ന്നു. സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരെ ‘ചാന്നാര്‍ ലഹളയില്‍’ (മേല്‍മുണ്ട് കലാപം) മിഷണറിമാരുടെ സ്വാധീനം പ്രകടമായിരുന്നു. തിരിവിതാംകൂറിലെ ഭരണരംഗത്ത് നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തിനെതിരായും മറ്റും ഈ വിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ജി.പി.പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനം വളര്‍ന്നു വന്നിരുന്നു. മലയാളി മെമ്മോറിയല്‍ എന്ന പേരിലുള്ള ഒരു മെമ്മോറാണ്ടം 1819-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാറിനു സമര്‍പ്പിച്ചു. തിരുവനന്തപുരത്തുകാരനായ ഡോ. പല്‍പ്പു ഉദ്യോഗത്തിനപേക്ഷിച്ച് നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മൈസൂരില്‍ ഉദ്യോഗസ്ഥനായി. ഇദ്ദേഹവും മെമ്മോറിയലിന്റെ പ്രണേതാക്കളില്‍ ഒരാളായിരുന്നു. അരുവിപ്പുറത്ത് വാവൂട്ട് യോഗത്തിലായിരുന്ന നാരായണഗുരുവിനെ സമീപിച്ച് എസ്.എന്‍.ഡി.പി യോഗമാക്കി അതിനെ മാറ്റി. 1903-ല്‍ കല്‍ക്കത്തയില്‍ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞെത്തിയ കുമാരനാശാനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഈഴവാദി അവശ സമുദായങ്ങളുടെ വിദ്യാലയ പ്രവേശനം ആചാര പരിഷ്ക്കാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് യോഗം പ്രവര്‍ത്തിച്ചത്. വളരെ വേഗത്തില്‍ ഇതിനു ഫലമുണ്ടായി. ദിവാന്‍മാരായ മാധവരായര്‍, പി.രാജഗോപാലാചാരി എന്നിവരുടെ കാലത്ത് അധ:കൃതര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ചു. താലികെട്ടു കല്യാണം, പുളികുടി തുടങ്ങിയ ദുര്‍വ്യയകാരണങ്ങളായ ആചാരങ്ങള്‍ നിര്‍ത്തലാക്കി. വിവാഹ സമ്പ്രദായത്തിലെ ദുരാചാരങ്ങള്‍ നാരായണ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം റദ്ദാക്കി. ആചാര പരിഷ്ക്കരണമായിരുന്നു സാധുജന പരിപാലന യോഗത്തിന്റെ പ്രധാന പരിപാടികളിലൊന്ന്. കല്ലുമാല ഉപേക്ഷിക്കുക, മാറു മറയ്ക്കുന്ന വസ്ത്രധാരണം ചെയ്യുക തുടങ്ങിയവയായിരുന്നു മുഖ്യമായ ആചാര പരിഷ്ക്കാരങ്ങള്‍. 1914-ല്‍ അയ്യങ്കാളി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് അധ:സ്ഥിതര്‍ക്കിടയില്‍ ഒരു നവോന്‍മേഷം പകര്‍ന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നായര്‍ സമുദായത്തിന്റെ ഉല്‍ബുദ്ധതയുടെ കിരണങ്ങള്‍ സാമൂഹ്യമാറ്റങ്ങളുടെ ഗതിവേഗത്തിന് ആക്കം കൂട്ടി. മരുമക്കത്തായത്തിന്റെ ദോഷഫലങ്ങള്‍ ബുദ്ധിജീവികളെ അസ്വസ്ഥരാക്കി. സംബന്ധത്തിന് സാധുത നല്‍കാന്‍ ആവശ്യപ്പെടുന്ന മരുമക്കത്തായ വിവാഹ ബില്‍, പി.താണുപിള്ള (1897) തിരുവിതാംകൂര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. വക്കം മൌലവിയുടെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയുമൊക്കെ പ്രവര്‍ത്തനങ്ങളും മലയാളിയുടെ ചിന്താമണ്ഡലത്തെ പിടിച്ചുലച്ചു. കാള്‍ മാര്‍ക്സിനെ മലയാളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് സ്വദേശാഭിമാനിയായിരുന്നു. കേരളീയ സമൂഹത്തിന്റെ മുഖഛായ തന്നെ മാറ്റി തീര്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്.
എ.ഡി 1809 ജനുവരി 16-ന് വേലുത്തമ്പി ദളവ സുപ്രസിദ്ധമായ കുണ്ടറ വിളംബരം പ്രഖ്യാപിച്ചു. രാജ്യത്തെ അടിമത്തത്തിലേക്കു നയിക്കുന്ന ബ്രിട്ടീഷ്ഭരണാധികാരികളുടെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്നും രാജ്യത്തിന്റെ പവിത്രമായ പൌരാണിക പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും അതിലേക്ക് എല്ലാ ജനങ്ങളും ആയുധമേന്തി രംഗത്തിറങ്ങണമെന്നുള്ള ആഹ്വാനമായിരുന്നു വിളംബരത്തിന്റെ സാരം. വേലുത്തമ്പി ദളവയുടെ പ്രതിമ അദ്ദേഹത്തോടുള്ള ആദരസൂചകമായും സ്മാരകമെന്ന നിലയിലും പഴയ നിയമസഭാമന്ദിരത്തിന്റെ മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്. 1809 മാര്‍ച്ച് 29-നാണ് ആ ധീര ദേശാഭിമാനി ആത്മാഹുതി ചെയ്തത്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് (1857) ഏകദേശം അരനൂറ്റാണ്ടു മുന്‍പ് നടത്തിയ സാഹസിക പോരാട്ടത്തിനു ചരിത്രം വലിയ പ്രാധാന്യമുണ്ട്.
വിളംബരത്തിന്റെ സാരം. കുണ്ടറ വിളംബരത്തിന്റെ സംക്ഷിപ്ത രൂപം :
ശ്രീമതു തിരുവിതാകോട്ടു സംസ്ഥാനത്തു നിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിര്‍ണ്ണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍, ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശൂദ്രര്‍ വരെ കീഴ്പരിഷവരെയും ഉളള പല ജാതി കുടിയാനവന്മാരു പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാണിത്.
”പരശുരാമ പ്രതിഷ്ഠയില്‍ ഉണ്ടായ മലയാളവും ഈ സമസ്ഥാനവും തോന്നിയനാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയ്യും കാലത്തും അതില്‍ കീഴു തൃപ്പാദസ്വരൂപത്തിലേക്ക് തിരുമൂപ്പരും അടങ്ങി ബഹുതലമുറയായിട്ടു ചെങ്കോല്‍ നടത്തി അനേകമായിരം സംവല്‍സരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊളളായിരത്തി മുപ്പത് മൂന്നാമാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് കല്‍പ്പിച്ച് ദൂരദൃഷ്ടിയാല്‍ മേല്‍ക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉളളവര്‍ വഹിക്കുകയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പുവോടും നീരോടുംകൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്മാരും, അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കയും അവര്‍ക്ക് രാജ്യഭോഗഭോഗ്യങ്ങളേക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദു:ഖിച്ചും കുട്ടികള്‍ക്ക് സുഖം വരുത്തിയും അതിന് ഒരു കുറവു വരാതെ ഇരിക്കേണ്ടുന്നതിനു മേല്‍രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുളള സല്‍ക്കര്‍മ്മങ്ങളെ നടത്തി കാലം കഴിച്ചുകൊളളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടം കെട്ടി കുട്ടികള്‍ക്ക് സുഭിക്ഷമായിട്ടു കഴിഞ്ഞു വരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവല്‍ സേതുപര്യന്തം ഇതുപോലെ ധര്‍മ്മസംസ്ഥാനം ഇല്ലെന്നുളള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വപേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമെല്ലോ ആകുന്നു. മമ്മുദല്ലിഖാന്‍ ആര്‍ക്കാടു സുബദയും കെട്ടി തൃച്ചിനാപളളിയില്‍ വന്നു ദക്ഷിണശമിയും ഒതുക്കിയതിന്റെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിന് ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുക്കത്തക്കവണ്ണം പറഞ്ഞു വെച്ചുകൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കല്‍ ഡിപ്പു സുല്‍ത്താനും ഇങ്കരേസു കുമ്പഞ്ഞിയും പ്രബലമായിട്ടു വരിക കൊണ്ടും അതില്‍ രണ്ടില്‍ കൊമ്പഞ്ഞി ആളുകള്‍ക്ക് നേരും വിശ്വാസവും ഒണ്ടെന്നും അവരെ വിശ്വസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ചു ആദിപൂര്‍വമായിട്ടു അഞ്ചുതെങ്ങില്‍ കോട്ടയിടുന്നതിന് സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാല്‍ ഡിപ്പു സുല്‍ത്താനോടു പകച്ചു പടയെടുത്തു ഇവരെ സ്നേഹിപ്പാന്‍ ഇടവരികയും ചെയ്തു. പിന്നത്തേതില്‍ കാര്യവശാല്‍ ഒള്ള അനുഭവത്തില്‍ ഇവരെ സ്നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തില്‍ ഒള്ളവരും കൂടെകൂടിയിട്ടുള്ള കാര്യസ്ഥന്മാരില്‍ ചിലരും കൊമ്പഞ്ഞി രാജ്യത്തില്‍ ചെന്നു പാര്‍ത്തുകൊള്ളണമെന്നും അവിടെ ചെന്നു പാര്‍ത്താല്‍ ഇവര്‍ക്ക് വേണ്ടുന്ന ശമ്പളവും മാനമര്യാദയും നടത്തിക്കൊടുക്കുമെന്നും അതിന്റെ ശേഷം രാജ്യകാര്യം ഇടപെട്ടുള്ളതൊക്കെയും റെസിഡന്റ് മക്കാളി തന്നെ പുത്തനായി ചട്ടംകെട്ടി നടത്തിക്കൊള്ളുമെന്നും, ആയതിനു താമസം കാണുന്നു എങ്കില്‍ യുദ്ധത്തിന്റെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതം കൊടുത്തയ്ക്ക കൊണ്ടും പ്രാണഹാണനി വരയില്‍ വരുമെന്നാകിലും ഇങ്ങനെയുള്ള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളയുകയാല്‍ രണ്ടാമതു റസിഡണ്ടു മക്കാളി ഈ രാജ്യത്തിനു ഉടതായിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥാന്മാരെയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനും സേള്‍ജര്‍ വെള്ളകാറരെയും കൊല്ലത്തു എറക്കി അവരിടെ വകയില്‍ അവിടെ ഒണ്ടായിരിക്കുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറുദിക്കിലും ഒതുക്കി അക്രമികളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തു നിന്നും ഇതിനു മുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടാഴിക കൊണ്ടും ഇപ്പോള്‍ ഇവര് തുടങ്ങിയിരിക്കുന്നതിനെ പ്രിതിക്രിയയായിട്ടു ചെയ്തു നിലനില്‍ക്കാതെ മുമ്പിച്ചു സംശയിച്ചാല്‍ പിന്നത്തേതില്‍ അതു കൊണ്ടു വരുന്ന വൈഷമ്യങ്ങളെ ആരും സഹിക്കാനും കാലം കഴിപ്പാനും നിര്‍വാഹം ഉണ്ടായി വരുന്നതുമല്ല. അതിന്റെ വിവരങ്ങള്‍ ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ചതുവു മാര്‍ഗ്ഗത്തില്‍ രാജ്യം അവരിടെ കൈയ്വശത്തില്‍ ആകുന്നതു അവരിടെ വംശപാരമ്പര്യമാക കൊണ്ടും അതിന്മവണ്ണം രാജ്യം അവരിടെ കൈവശത്തില്‍ ആയാല്‍ കോയിക്കല്‍ കൊട്ടാരം കോട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അവരിടെ പാറാവും വരുതിയും ആക്കിതീര്‍ത്ത് രാജമുദ്ര പല്ലക്കു പൌരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും, ദേവാലയം ബ്രഹ്മാലയം ബന്ധിപ്പിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പു മുതല്‍ സര്‍വസ്വവവും കുത്തകയായിട്ടു ആക്കിതീര്‍ത്ത് തരിശു കിടക്കുന്ന നിലവും അളന്നു കുടികുത്തകയായിട്ടും കെട്ടി നിലവരി തെങ്ങുവരി ഉള്‍പ്പെട്ട അതികകരങ്ങളും കുടികളില്‍ കൂട്ടിവച്ചു അല്‍പപിഴക്കു നീചന്മാരെ കൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണ്ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം പോലെ അധര്‍മ്മങ്ങളായിട്ടുള്ള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യും. അങ്ങനെയുള്ളതൊന്നും ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മ്മത്തെ നടത്തി നാട്ടില്‍ ഒള്ള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടുന്നതിന് മനുഷ്യയത്നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെ ഇരിക്കാന്‍ ആകുന്നടത്തോളം ഒള്ള പ്രയത്നങ്ങള്‍ ചെയ്യുകും പിന്നത്തേതില്‍ ഈശ്വരാനുഗ്രഹംപോലെ വരുന്നതൊക്കെ സഹിക്കയും, യുക്തമെന്നും നിശ്ചയിച്ചു അത്രേ അവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടി വന്നു. – എന്നും 984-ാമാണ്ട് മകരമാസം 1-ാം തീയതി കുണ്ടറ”-വേലുത്തമ്പി
1829-തിലും 1859-തിലും തിരുവിതാംകൂറിലുണ്ടായിരുന്ന പ്രസിദ്ധമായ മേല്‍മുണ്ട് പ്രക്ഷോഭത്തിനു ശേഷം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകളെപ്പോലെ ജാക്കറ്റും മേല്‍മുണ്ടും ധരിക്കാന്‍ തുടങ്ങി. സവര്‍ണ്ണ സമുദായത്തിന്റെ യാഥാസ്ഥിതിക ബോധത്തിന് ഇത് സഹിച്ചില്ല. ഇതിനെ തുടര്‍ന്ന് 1829-ല്‍ തെക്കന്‍ തിരുവിതാംകൂറിലാകമാനം ലഹളകള്‍ പൊട്ടി പുറപ്പെട്ടു. പുതിയ ക്രിസ്ത്യാനികളുടെ പള്ളികളും സ്കൂളുകളും ഉയര്‍ന്ന ജാതിക്കാര്‍ തീയിട്ടു നശിപ്പിച്ചു. അന്നത്തെ ദിവാനും റസിഡന്റുമായിരുന്ന കേണല്‍ മണ്‍റോ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് പ്രകാരം ക്രിസ്ത്യന്‍ ചാന്നാര്‍ (നാടാര്‍) സ്തീകള്‍ക്ക് കുപ്പായം ധരിക്കാമെന്നും, പക്ഷെ മേല്‍മുണ്ട് ധരിച്ചു കൂടെന്നും തീരുമാനമായി. ക്രമേണ ക്രിസ്ത്യാനികളായ ചാന്നാര്‍ സ്ത്രീകളും ഹിന്ദുക്കളായ ചാന്നാര്‍ സ്ത്രീകളും മേല്‍മുണ്ട് ഒളിഞ്ഞും തെളിഞ്ഞും ധരിക്കാന്‍ തുടങ്ങി. ഇത് വീണ്ടും ലഹളയ്ക്ക് കാരണമായി. 1859-ല്‍ 1829-തിലേതിനെക്കാള്‍ വമ്പിച്ച ലഹള നടന്നു. മദിരാശി ഗവര്‍ണ്ണറായിരുന്ന ലോര്‍ഡ് ഹാരിസ് റസിഡന്റു വഴി തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് 1859 ജൂലൈയില്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. അതു പ്രകാരം ഹിന്ദുക്കളായ ചാന്നാര്‍ സ്ത്രീകള്‍ക്കും ജാക്കറ്റ് ധരിക്കാന്‍ അനുവാദം നല്‍കി. കൂടാതെ, എല്ലാവിധ ചാന്നാര്‍ സ്ത്രീകള്‍ക്കും മുക്കുവത്തികളെ പോലെ ഒരു പരുപരുത്ത മേല്‍മുണ്ട് ധരിക്കാമെന്നും പക്ഷെ, അത് ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകള്‍ ധരിക്കുന്നത് പോലെ ആകരുതെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനുകൂലമായ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ ചാന്നാര്‍ സ്ത്രീകളുടെ ന്യായമായ പ്രക്ഷോഭം നിര്‍ദ്ദയം അടിച്ചമര്‍ത്തപ്പെടുമായിരുന്നു.
തെക്കെ ഇന്ത്യയിലെ ആദ്യവിദ്യാര്‍ത്ഥിപ്രക്ഷോഭണം നടന്നത് 1922-ല്‍ തിരുവനന്തപുരത്തായിരുന്നു. രാഘവയ്യ ദിവാനായിരിക്കെ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിച്ചു. ദിവാന്‍ രാഘവയ്യ കടുത്ത മര്‍ദ്ദനങ്ങളിലൂടെ അതിനെ നേരിട്ടു. തിരുവനന്തപുരത്ത് പ്രതിഷേധ യോഗം ചേര്‍ന്ന വിദ്യാര്‍ത്ഥികളെ കുതിരപട്ടാളവും പോലീസും ചേര്‍ന്ന് കഠിനമായി മര്‍ദ്ദിച്ചൊതുക്കി. നാടൊട്ടുക്കും പ്രതിഷേധമിരമ്പി. സമര നേതാക്കളായ സി.കുട്ടന്‍ നായര്‍, ടി.എന്‍.കുഞ്ഞിരാമന്‍ നായര്‍, ജി.പി.നായര്‍, എ.എം.നായര്‍ എന്നിവരെ ഭാരതത്തിലൊരു സര്‍വ്വകലാശാലയിലും പഠിപ്പിക്കുവാന്‍ പാടില്ലെന്നു വിലക്ക് കല്പിച്ചു. ദേശീയ പ്രസ്ഥാനത്തിനു പ്രാരംഭം കുറിച്ച സമര മുഖങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് രാഘവയ്യായുടെ കാലത്തെ വിദ്യാര്‍ത്ഥിവേട്ട.
വേലുത്തമ്പിയുടെ കാലത്തിനുശേഷം റസിഡന്റുസായിപ്പുമാരുടെ ഉപജാപകരായി വന്ന പരദേശി ബ്രാഹ്മണരുടെ പ്രത്യേകിച്ച് റാവുമാരുടെ കൈകളിലായി തിരുവിതാംകൂര്‍ ഭരണം. പരദേശി ബ്രാഹ്മണര്‍ സ്വജനപക്ഷപാതികളായിരുന്നു. സര്‍ക്കാര്‍ നിയമങ്ങളൊക്കെ പരദേശി ബ്രാഹ്മണര്‍ക്ക് പങ്കിടുന്നതിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു മലയാളി മെമ്മോറിയല്‍. മെമ്മോറിയലിന്റെ മുഖ്യ ആവശ്യം അഭ്യസ്തവിദ്യരായ തിരുവിതാംകൂര്‍ പ്രജകള്‍ക്ക് അര്‍ഹമായ ഉദ്യോഗങ്ങള്‍ നല്‍കണമെന്നതായിരുന്നു. ബാരിസ്റ്റര്‍ ജി.പി.പിള്ളയായിരുന്നു മലയാളി മെമ്മോറിയലിന്റെ സൂത്രധാരന്‍. സി.വി.രാമന്‍ പിള്ള മുതലായവര്‍ അണിയറ ശില്പികളും. കന്യാകുമാരി മുതല്‍ വടക്കന്‍ പറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തി, മദ്രാസ് ഹൈക്കോടതി അഭിഭാഷകനായിരുന്ന കെ.പി.ശങ്കരമോനോന്റെ നേതൃത്വത്തില്‍ മെമ്മോറിയല്‍ മഹാരാജാവിന് സമര്‍പ്പിച്ചു.
ഈഴവരുടെ അവശതകളെകുറിച്ച് ജി.പി.പിള്ള ഇംഗ്ലണ്ടിലെ കോമണ്‍ സഭയിലും ഇന്ത്യയില്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങള്‍ നടത്തി. ഇതേ തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിന് ഒരു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചു. ഉയര്‍ന്ന മെഡിക്കല്‍ഡിഗ്രി ഉണ്ടെങ്കിലും തിരുവിതാംകൂറില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ.പല്‍പ്പുവാണ് ഇതിന് മുന്‍കൈയെടുത്തത്. അസംഘടിതരായ ഈഴവരെ സംഘടിപ്പിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ലക്ഷ്യമിട്ട ഡോ.പല്‍പ്പു തന്റെ ആത്മീയ ഗുരുവായി ശ്രീ നാരായണ ഗുരുവിനെയാണ് കണ്ടെത്തിയത്.
1930 കളില്‍ തിരുവിതാംകൂറിലെ രാഷ്ട്രീയ രംഗം വീണ്ടും സജീവമായി. 1932-ലെ ഭരണ പരിഷ്ക്കാരങ്ങളെ തുടര്‍ന്നുണ്ടായ ഈ രാഷ്ട്രീയ സമരത്തില്‍ ക്രിസ്ത്യാനികളും മുസ്ളീങ്ങളും ഈഴവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. നിവര്‍ത്തന പ്രക്ഷോഭം എന്നറിയപ്പെടുന്ന ഈ രാഷ്ട്രീയ കൊടുങ്കാറ്റ് തിരുവിതാംകൂറിലെങ്ങും ആഞ്ഞടിച്ചു. പുതിയ പരിഷ്ക്കാരമനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ നികുതി അടച്ചിരുന്നത് നായര്‍ സമുദായത്തില്‍ നിന്നായിരുന്നു. അതുമൂലം അവര്‍ക്ക് നിര്‍ണ്ണായക ഭൂരിപക്ഷം സംസ്ഥാന നിയമസഭയില്‍ കിട്ടുമെന്ന കാര്യം ഉറപ്പായതിനാല്‍ നിവര്‍ത്തനം ഒരു അത്യാവശ്യമായിത്തീര്‍ന്നു. ഈഴവ-മുസ്ളീം-ക്രിസ്ത്യാനികള്‍ക്ക് അതുകൊണ്ട് ജനസംഖ്യാനുപാതത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യം നല്‍കണമെന്നതായിരുന്നു നിവര്‍ത്തന നിവേദകരുടെ ആവശ്യം. സി.കേശവന്‍, പി.വി.ജോസഫ് എന്നിവരായിരുന്നു നേതാക്കള്‍. ഇതില്‍ ആറു വര്‍ഷത്തെ കഠിന തടവിന് സി.കേശവന്‍ ജയിലിലായി. നികുതിയൊടുക്കുന്നതിന്റെയോ വസ്തുവിന്റെ ഉടമാവകാശം കണക്കാക്കിയോ വോട്ട് ചെയ്യുന്ന സമ്പ്രദായം മാറ്റി പകരം പിന്നോക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്ന നടപടി സ്വീകരിച്ചു. 1937-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.എം.വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംയുക്തരാഷ്ട്രീയ സമിതി വിജയിച്ചു.
1930 ഏപ്രിലില്‍ തിരുവനന്തപുരത്ത് നിന്ന് ഒരു നിയമ ലംഘന ജാഥ മലബാറിലേക്ക് പുറപ്പെട്ടു. നാട്ടുരാജ്യങ്ങളില്‍ സമരം നടത്തേണ്ടതില്ലെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചതിനാല്‍ സ്വാതന്ത്ര്യസമരഭടന്‍മാര്‍ മലബാറി ബ്രിട്ടീഷ് ഇന്ത്യയില്‍ ചെന്നു സമരത്തില്‍ ചേര്‍ന്നു. തിരുവിതാംകൂര്‍ കൊച്ചി മേഖലയിലുള്ളവര്‍ അതിനാല്‍ മലബാറിലേക്കാണ് പോയത്.
1938 ഏപ്രില്‍ 5-ന് എ.നാരായണ പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ‘രാജ്യദ്രോഹ ’ കുറ്റത്തിന് അടച്ചു. അതിന് പാരിതോഷികമെന്ന നിലയ്ക്ക് സര്‍ സി.പി യ്ക്ക് ദിവാന്‍ പദവി അഞ്ചു കൊല്ലത്തേക്ക് കൂടി രാജാവ് നീട്ടിക്കൊടുത്തു. അസംബ്ളിയില്‍ ടി.എം.വര്‍ഗ്ഗീസ് ഉത്തരവാദ ഭരണ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ട് മുന്‍പ് ദിവാന്‍ നടത്തിയ പ്രസംഗം നീതിയ്ക്കും നിയമത്തിനും നിരക്കുന്നതോ കീഴ്വഴക്കത്തിന് ചേര്‍ന്നതോ അല്ലെന്ന് നാരായണപിള്ള അക്കമിട്ട് റൂളും ചട്ടവും നിരത്തി ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു രാജ്യദ്രോഹ കുറ്റം. പത്രസ്വാതന്ത്ര്യമില്ല, പൊതു യോഗം ചേരാന്‍ സ്വാതന്ത്ര്യമില്ല, പ്രസംഗ സ്വാതന്ത്ര്യമില്ല, തൊഴിലാളി പ്രകടനങ്ങളെ ചോരയില്‍ മുക്കി കൊല്ലുക തുടങ്ങി തികച്ചും ജനാധിപത്യ വിരുദ്ധ നടപടികളുമായിപോകുന്ന സര്‍ സി.പിക്ക് എതിരെ 1938 ഏപ്രില്‍ 12-ന് ടി.എസ്.സി പ്രവര്‍ത്തക സമിതി പ്രസ്താവന ഇറക്കി. അതോടെ ടി.എസ്.സി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തും ആക്രമിച്ചും സി.പിയുടെ കുതിരപ്പട്ടാളം പ്രതികാര നടപടികളാംരംഭിച്ചു. സി.പിയുടെ ഗുണ്ടായിസത്തിനെതിരെ ജൂണ്‍ 18-ന് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആ ദിവസം ഭീകരമായ അന്തരീക്ഷം നഗരത്തില്‍ രൂപം കൊണ്ടു. എന്തും സംഭവിക്കാമെന്ന നിലയില്‍ ജില്ലയിലെ മുഴുവന്‍ പോലീസും സര്‍വ്വസന്നാഹങ്ങളോടെ പ്രതിഷേധ പ്രകടനത്തെ നേരിടാന്‍ തയ്യാറായി. വൈകിട്ട് മൂന്നരയോടെ പ്രകടനം തുടങ്ങി. “ഗുണ്ടായിസത്തെ എതിര്‍ക്കുക”എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു പ്രകടനം. പൊന്നറ ശ്രീധര്‍ ദേശീയ പതാകയേന്തി. മുന്‍ നിരയില്‍ പട്ടം, ആനിമസ്ക്രീന്‍, കെ.ടി.തോമസ് എന്നിവരും സി.കേശവന്‍, ബേധേശ്വരന്‍, പുതുപ്പള്ളി എന്നീ യൂത്ത് ലീഗ് നേതാക്കളും പ്രകടനത്തിലണിനിരന്നു. ബോധേശ്വന്‍ പ്രത്യേകം എഴുതി തയ്യാറാക്കിയ മുദ്രാവാക്യം സി.കേശവന്‍ ഉച്ചത്തില്‍ പാടി. ജാഥ മെയിന്‍റോഡില്‍ യൂണിവേഴ്സിറ്റി കോളേജിന്റെ തെക്കെ ഗേറ്റിനടുത്തുള്ള മുക്കില്‍ കയറി തെക്കോട്ട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മൈതാനത്തേക്ക് പോയി. യോഗത്തില്‍ പ്രമുഖ നേതാക്കള്‍ സംസാരിച്ചു. അങ്ങനെ സി.പി യുടെ ഗുണ്ടായിസത്തെ നേരിടാന്‍ നാട്ടുകാര്‍ക്ക് നട്ടെല്ലുണ്ടെന്ന മുന്നറിയിപ്പായി 1938 ജൂണ്‍ 17 ന്റെ സി പി ക്കെതിരെയുള്ള പ്രതിഷേധ യോഗം.
സി.പി യെ വെട്ടിയ സംഭവം
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്രരാജ്യമായി തിരുവിതാംകൂറിനെ നിലനിര്‍ത്താനായിരുന്നു സി.പി ഉന്നമിട്ടത്. ജനനേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും ഭയപ്പെടുത്തിയും മറ്റും തന്റെ വാഴ്ച അരക്കിട്ടുറപ്പിക്കാന്‍ സര്‍ സി.പി ശ്രമിച്ചു. ഈ പശ്ചാത്തലത്തിലാണ് സി.പിയെ വകവരുത്താന്‍ രഹസ്യമായി ഗൂഢാലോചന നടന്നത്. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ എന്നെങ്കിലും ജയില്‍ വാസമനുഭവിക്കുകയോ എപ്പോഴെങ്കിലും മര്‍ദ്ദനമേല്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരുന്നത ബ്രാഹ്മണനായ കെ.സി.എസ്.മണിയാണ് ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ദിവാനെ വെട്ടുക എന്ന സാഹസകൃത്യത്തിന് ഒരുമ്പെട്ടത്. സര്‍ സി.പിയെ വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി സംഗീത കോളേജിന് മുന്നിലായി കെ.സി.എസ്.മണി സ്മാരകം സ്ഥാപിച്ചിരിക്കുന്നു.
സെക്രട്ടറിയേറ്റിന് മുകളില്‍ ദേശീയ പതാക
1942-ലെ ക്വിറ്റിന്ത്യാസമരം തിരുവനന്തപുരത്തും ശക്തിപ്പെടുത്തിയത് മറ്റുള്ളിടത്തെപ്പോലെ യുവാക്കളും വിദ്യാര്‍ത്ഥികളുമായിരുന്നു. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന രൂപീകരിച്ചു. എന്‍.ഡി.ജോസഫ് പ്രസിഡന്റും ജൂനിയര്‍ ചട്ടനാഥ കരയാളന്‍ വൈസ് പ്രസിഡന്റും ജി.ജനാര്‍ദ്ദന കുറുപ്പ് സെക്രട്ടറിയുമായായിരുന്നു സംഘടന രൂപീകരിച്ചത്. ഖജാന്‍ജിയായി പ്രഭാകരനും (മഹാകവി കുമാരനാശാന്റെ മകന്‍), പ്രവര്‍ത്തകസമിതി അംഗമായി കെ.ബാലകൃഷ്ണനും ചുമതലയേറ്റു. ഇതിനിടയില്‍ സംസ്കൃതകോളേജ് വിദ്യാര്‍ത്ഥിയായ കാമ്പിശ്ശേരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തില്‍ പദ്ധതിയിട്ട പ്രകാരം മണ്ണന്തല കരുണാകരന്‍, ചെറുവിക്കല്‍ പരമേശ്വരന്‍ നായര്‍, ഒരു മരംകയറ്റു തൊഴിലാളി എന്നിവര്‍ ചേര്‍ന്ന് 1942 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി സാമാന്യം വലിപ്പമുള്ള രണ്ടു ദേശീയ പതാകകളുമായി സെക്രട്ടറിയേറ്റ് വളപ്പിലെത്തി. സെക്രട്ടറിയേറ്റിന്റെ മുകളില്‍ കയറി ഉയരത്തില്‍ പാറിയിരുന്ന വെളുത്ത കൊടി പറിച്ചു കളഞ്ഞു. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍ സര്‍ സി.പി ഉയര്‍ത്തിയതായിരുന്നു അത്. അതിന്റെ സ്ഥാനത്ത് കരുണാകരനും കൂട്ടരും ദേശീയപതാക കെട്ടി. രണ്ടാമത്തെ ദേശീയ പതാക യൂണിവേഴ്സിറ്റി കോളേജിനു മുന്‍പിലുണ്ടായിരുന്ന മാവിന്റെ മുകളിലും കെട്ടി. മണ്ണന്തല കരുണാകരനെയും പുതുപ്പള്ളി രാഘവനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്പക രാമന്‍പിള്ള
തിരുവനന്തപുരത്ത് 1891 സെപ്തംബര്‍ 15 ന് ജനിച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ജന്തുശാസ്ത്രജ്ഞന്‍ മിസ്റ്റര്‍ സ്ട്രിക്ലാന്‍ഡുമായി അടുപ്പത്തിലാവുകയും അദ്ദേഹം ചെമ്പകരാമനെ ജര്‍മ്മനിയില്‍ കൊണ്ടുപോയി പഠിപ്പിക്കാമെന്നേല്‍ക്കുകയും ചെയ്തു. 1908 സെപ്തംബറില്‍ തിരുവിതാംകൂര്‍ വിട്ട് കൊളംബോ വഴി ഇറ്റലിയിലെത്തി. അവിടെ കുറച്ചുകാലം വിദ്യാഭ്യാസം തുടര്‍ന്നു. തുടര്‍ന്ന് ബര്‍ലിന്‍ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ഡോക്ടറേറ്റ് നേടി. ഇറ്റലിയിലും സ്വിറ്റ്സര്‍ലണ്ടിലും നടത്തിയ പ്രസംഗങ്ങളിലൂടെ ഇന്ത്യയെപ്പറ്റി മതിപ്പുള്ള ഒരു നിലപാട് യൂറോപ്യന്‍മാരിലുണ്ടാക്കാന്‍ ശ്രമിച്ചു. ഇന്റര്‍ നാഷണല്‍ പ്രോ ഇന്ത്യാ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റാവുകയും ചെയ്തു. പ്രോ-ഇന്ത്യ എന്ന പ്രസിദ്ധീകരണം തുടങ്ങി. ‘ബ്രിട്ടന്റെ ബുദ്ധിമുട്ട് ഇന്ത്യുയുടെ അവസരമാണെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. ജര്‍മ്മന്‍ സൈനിക സഹായത്തോടെ പുറത്ത് നിന്ന് ഇന്ത്യയെ തുണയ്ക്കുക എന്ന ആശയത്തോട് യോജിച്ചു പ്രവര്‍ത്തിച്ചു. ലാല്‍ ഹര്‍ദ്ദയാല്‍, താരാകാന്ത് ദാസ്, ബര്‍ക്കത്തുള്ള, ചന്ദ്ര കെ, ചക്രബര്‍ത്തി, ഹെരാംബലാല്‍ ഗുപ്ത തുടങ്ങിയ ദേശീയവാദികളുമായി സഹകരിച്ച് ബെര്‍ലിനില്‍ 1914 ന് ‘ഇന്ത്യന്‍ ദേശീയപാര്‍ട്ടി’ രൂപീകരിച്ചു. 1915 ഡിസംബര്‍ ഒന്നിന് രൂപീകരിക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം പ്രവാസി സര്‍ക്കാരില്‍ ചെമ്പകരാമന്‍പിള്ള വിദേശകാര്യ മന്ത്രിയായിരുന്നു. ഗാന്ധിജിയേയും ആഫ്രിക്കന്‍ നേതാക്കളേയും പരിചയപ്പെടുകയും തുര്‍ക്കിയിലെ തലത്പാഷയ്ക്കൊപ്പം ചേര്‍ന്ന് ‘പൌരസ്ത്യ ക്ളാസ്’ രൂപീകരിക്കുകയും ചെയ്തു. സാമ്പത്തിക വ്യവസായിക മേഖലയുടെ ഇന്ത്യന്‍ ചേമ്പര്‍ ജര്‍മ്മനിയിലേക്ക് പ്രതിനിധിയായി നിയോഗിച്ചു. വോണ്‍ റിവേര്‍ട്ട് ലോ പ്രഭുവിന്റെ സഹായത്തോടെ ഒരു വിദേശിക്ക് ജര്‍മ്മനിയില്‍ നേടാവുന്ന ഏറ്റവും വലിയ ബഹുമതിയായ പാന്‍ ജര്‍മ്മന്‍ നാഷണലിസ്റ്റ് പാര്‍ട്ടിയംഗമായി. ബെര്‍ലിനില്‍ 1934 മേയ് 26 ന് അന്തരിച്ചു.
സ്വദേശാഭിമാനി
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ 1878-ല്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ചു. 1899 സെപ്തംബറില്‍ ‘കേരള ദര്‍പ്പണ ത്തിന്റെയും 1901-ല്‍ ‘കേരള പഞ്ചിക’യുടെയും 1903-ല്‍ ‘മലയാളി’യുടെയും പത്രാധിപരായി. ‘കേരളന്‍’ എന്ന തൂലികനാമത്തില്‍ അറിയപ്പെട്ടു. 1906 ല്‍ വക്കം മൌലവിയുടെ ഉടമസ്ഥതയിലാംരംഭിച്ച ‘സ്വദേശാഭിമാനി’ പത്രത്തിന്റെ പത്രാധിപരായി. തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1910 സെപ്തംബര്‍ 26 ന് തിരുവിതാംകൂറില്‍ നിന്ന് നാട് കടത്തപ്പെടുകയും ‘സ്വദേശാഭിമാനി’ പത്രവും പ്രസ്സും സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തു. മാതൃഭൂമിയില്‍ നിന്നും ബഹിഷ്കൃതനായതു കൊണ്ടുള്ള ഒട്ടനവധി ദുരിതാനുഭവങ്ങള്‍ക്കു ശേഷം 1916 മാര്‍ച്ച് 28 ന് കണ്ണൂരില്‍ അന്തരിച്ചു.
ശ്രീധര്‍ ജി പൊന്നറ
തിരുവനന്തപുരത്ത് തൈക്കാട് 1898 സെപ്തംബര്‍ 22 ന് ജനിച്ചു. തിരുവനന്തപുരത്ത് വിദേശ വസ്ത്ര ബഹിഷ്ക്കരണത്തില്‍ പങ്കെടുത്തു. 1923 ല്‍ നാഗ്പൂരിലെ പതാക സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും അറസ്റു വരിച്ച് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1923 ല്‍ ദില്ലി കോണ്‍ഗ്രസ്സിലും 1924 ല്‍ ബെല്‍ഗാം കോണ്‍ഗ്രസ്സിലും പങ്കെടുത്തു. കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ് വക്താക്കളില്‍ പ്രമുഖനായിരുന്നു. ഉപ്പു സത്യാഗ്രഹത്തിലും വഡാലയിലേക്കുള്ള ജാഥയിലും പങ്കെടുത്തു. തിരുവിതാംകൂറിലേക്ക് മടങ്ങുന്നതു വഴി ‘രാജ്യദ്രോഹ’ പരമായ ഒരു ലഘുലേഖ അടിച്ചതിന് മട്ടാഞ്ചരി പോലീസ് അറസ്റു ചെയ്തു. 1933 ല്‍ പുരോഗമനാശയക്കാരുടെ ഒരു സംഘടനയായിരുന്ന ‘സമസ്ത തിരുവിതാംകൂര്‍ യൂത്ത് ലീഗ്’ സംഘടിപ്പിച്ചു. 1948 ല്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും തിരുവിതാംകൂര്‍ നിയമസഭയിലേക്ക് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. 1956ല്‍ തിരുവനന്തപുരം മേയറായി. 1966 ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് അന്തരിച്ചു.
പട്ടം താണുപിള്ള
പട്ടം എ താണുപിള്ള തിരുവനന്തപുരത്ത് 1895 ജൂലൈയില്‍ ജനിച്ചു. തിരുവനന്തപുരം ലോ കോളേജില്‍ നിയമ പഠനത്തിനു ചേരുകയും 1914-ല്‍ ബി.എല്‍ ഡിഗ്രി എടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥി സമരങ്ങളില്‍ ദിവാന്‍ ടി. രാഘവയ്യ സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നിലപാടുകളോട് വിയോജിച്ച് 1921-ല്‍ മുനിസിപ്പല്‍ സമിതിയംഗത്വം രാജി വച്ചു. ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നാരോപിച്ച് സര്‍ സി.പി രാമസ്വാമി അയ്യര്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ അംഗത്വം റദ്ദാക്കിയ ഒരിടവേള ഒഴിച്ച് 35 കൊല്ലം തുടര്‍ച്ചയായി അദ്ദേഹം ഈ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ജനയിതാക്കളിലൊരാളും തുടക്കം മുതല്‍ അതിന്റെ പ്രസിഡന്റും ആയിരുന്നു. 1938 ല്‍ ആഗസ്റ് 26 ന് ശംഖുമുഖം കടപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് നടത്തിയ മീറ്റിംഗില്‍ വച്ച് നിയമ ലംഘന സമരം ഉദ്ഘാടനം ചെയ്യുകയും അറസ്റ് വരിക്കുകയും ചെയ്തു. 1942 ല്‍ നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത ‘ആള്‍ ഇന്ത്യ പീപ്പിള്‍സ് ഡേ’ ആഘോഷിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചു. 1948 ല്‍ തിരുവിതാംകൂറിലെ പ്രായപൂര്‍ത്തി വോട്ടവകാശം അനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട് ആദ്യത്തെ പ്രധാനമന്ത്രിയായി. 1960 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്നീട് പഞ്ചാബിലും ആന്ധ്രാപ്രദേശിലും ഗവര്‍ണ്ണറുമായിരുന്നു. 1970 ജൂലൈ 26 ന് അന്തരിച്ചു.
ജി.പി. പിള്ള
പരമേശ്വരന്‍ പിളള എന്ന ജി.പി. പിളള തിരുവനന്തപുരത്ത് 1864 ഫെബ്രുവരി 26 ന് ജനിച്ചു. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യങ്കാരുടെ ഭരണത്തെ വിമര്‍ശിച്ച് ധാരാളം ലേഖനങ്ങള്‍ ‘വെസ്റേണ്‍ സ്റാറില്‍’ പ്രസിദ്ധീകരിച്ചതിനാല്‍ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്നും പുറത്താക്കി. ധാരാളം രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിയിരുന്നു. 1887-ല്‍ കണ്ണിമാറ പ്രഭുവിന്റെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് എഴുതിയ “മദിരാശി ഗവര്‍ണ്ണര്‍ കണ്ണിമാറാ പ്രഭുവിന് ഒരു തുറന്ന കത്ത്”, “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്നിവ പ്രശസ്തം. മലയാളി മെമ്മോറിയലിന്റെ പിന്നിലുള്ള ആവേശവും രാഷ്ട്രീയ പ്രബുദ്ധതയും ഇദ്ദേഹമായിരുന്നു. 1892 മുതല്‍ ‘മദ്രാസ് സ്റാന്‍ഡേര്‍ഡ്’ എഡിറ്റ് ചെയ്യുകയും അതൊരു ദേശീയ ദിനപത്രമായി മാറുകയും ചെയ്തു.
ഡോ. പല്‍പ്പു
ഡോ. പല്‍പ്പു. പി 1863-ല്‍ തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ചു. തിരുവിതാംകൂറിലെ ഈഴവ വിഭാഗത്തിലെ ആദ്യത്തെ മെഡിക്കല്‍ ബിരുദധാരി. 1891-ലെ മലയാളി മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവിതാംകൂറിലെ ഈഴവ വിഭാഗം അനുഭവിക്കുന്ന യാതനകളിലേക്ക് ദിവാന്റെ ശ്രദ്ധക്ഷണിച്ചു കൊണ്ടുള്ള ഒരു ‘ഈഴവ മെമ്മോറിയല്‍’ 1895 മെയ് 13 ന് നല്‍കി. ഈഴവ വിഭാഗത്തിന്റെ പേരിലുള്ള എല്ലാ വിലക്കുകളും നീക്കാനും സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ സര്‍വ്വീസിലും ഈഴവര്‍ക്ക് പ്രാതിനിധ്യം ലഭിക്കാനും ഭരണഘടനാപരമായി പൊരുതി പ്രക്ഷോഭം സംഘടിപ്പിക്കാനും വേണ്ടി ‘തിരുവിതാംകൂര്‍ ഈഴവ സഭ’ എന്നാരു സംഘടനയ്ക്ക് രൂപം നല്‍കി. 1950 ജനുവരി 25 ന് അന്തരിച്ചു.
കേസരി ബാലകൃഷ്ണപിള്ള
തിരുവനന്തപുരത്ത് 1869 ല്‍ ഏപ്രില്‍ 13-ന് ജനിച്ചു. 1923-ല്‍ ‘സമദര്‍ശി’ യുടെ പത്രാധിപരായി. സര്‍ക്കാര്‍ നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്തു. കേസരി ആരംഭിക്കുകയും കുറെക്കാലം പ്രസിദ്ധീകരിക്കുകയും ചെയ്തു. 20 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1960 ഡിസംബര്‍ 18 ന് അന്തരിച്ചു.
വള്ളക്കടവ് ഗാന്ധി
സെയ്ദ് മൂഹമ്മദ് എ. പി (വള്ളക്കടവ് ഗാന്ധി) തിരുവനന്തപുരത്ത് വള്ളക്കടവില്‍ 1912 ജൂലൈയില്‍ ജനിച്ചു. 1930 ജൂലൈയില്‍ കോഴിക്കോട്ടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ വോളന്റിയറായിരുന്നു. കല്ലായിലെ മദ്യശാല മൂന്ന് ദിവസം പിക്കറ്റ് ചെയ്തു. നിരവധി തവണ ജയിലിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായ ശേഷം തിരുവനന്തപുരത്തും ആലപ്പുഴയിലും വിദേശ വസ്ത്ര ബഹിഷ്ക്കരണത്തില്‍ പങ്കെടുത്തു. നിസ്വാര്‍ത്ഥ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നതിനാല്‍ “വള്ളക്കടവ് ഗാന്ധി’ എന്നറിയപ്പെട്ടിരുന്നു.
കെ.വി സുരേന്ദ്രനാഥ്
തിരുവനന്തപുരത്ത് കരമനയില്‍ 1925-ല്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കേ 1940 മുതല്‍ അഖിലേന്ത്യ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. 1944 മുതല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1946-ല്‍ കമ്യൂണിസ്റ് പാര്‍ട്ടി (സി പി ഐ) യില്‍ ചേരുകയും തിരുവനന്തപുരം ബ്രാഞ്ച് സെക്രട്ടറിയാവുകയും ചെയ്തു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. 1980, 82, 87 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗവും 1996-98 ല്‍ തിരുവനന്തപുരത്തു നിന്നുമുളള ലോക്സഭാംഗവുമായിരുന്നു.
സുകുമാരന്‍ നായര്‍ പി. കെ
തിരുവനന്തപുരത്ത് 1915-ല്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ തിരുവനന്തപുരം യുവജനസമാജം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് എന്ന സംഘടനയില്‍ അംഗത്വമുണ്ടായിരുന്നു. തിരുവിതാംകൂര്‍ പ്രതിനിധിയായി 1939-ല്‍ ഔധിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ആള്‍ ഇന്ത്യാ സ്റേറ്റ് പീപ്പിള്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗ്വാളിയോര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ശ്രീധര്‍ വി കാട്ടായിക്കോണം
1919 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ 2 തവണ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1952-ലും 1954-ലും തിരുകൊച്ചി നിയമസഭാംഗ മായിരുന്നു. 1957-ല്‍ കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വളരെക്കാലം മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായിരുന്നു.
അക്കാമ്മ ചെറിയാന്‍
തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി 1938 ല്‍ ഹെഡ്മിസ്ട്രസ്സ് പദവി രാജിവച്ച് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. 1938 ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടന്ന നിയമലംഘനസമരക്കാലത്ത് സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ 12-മത്തെ ഡിറ്റക്ടറായി. ഡിറ്റക്ടറേറ്റെന്ന നിലയില്‍ 1938 ഒക്ടോബര്‍ 23 ന് മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് ജാഥ നയിച്ചു. തിരുവിതാംകൂര്‍ നിയമസഭയിലും, തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു. 1982 മേയ് 5 ന് അന്തരിച്ചു.
അച്യുതന്‍ എ
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ചെങ്കിഴില്‍ കുടുംബത്തില്‍ 1910-ല്‍ ജനിച്ച എ അച്യുതന്‍ 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപീകരണ സമയത്തു തന്ന അതില്‍ ചേരുകയും 1947 വരെ ഉത്തരവാദ ഭരണപ്രക്ഷോഭത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. 1938 ഡിസംബര്‍ 22 ന് തിരുവനന്തപുരം റെയില്‍വേ സ്റേഷന്‍ മൈതാനത്ത് നിരോധനാജ്ഞ ലംഘിച്ച് നടത്തിയ സ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ജനങ്ങള്‍ ‘അഹിംസ’യില്‍ അടിയുറച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. ഈ പൊതു യോഗത്തില്‍ പ്രസംഗിച്ചതിന് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു. 1939 ജനുവരി 31-ന് തിരുവനന്തപുരം ഡിവിഷന്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് തിരുവിതാംകൂര്‍ പീനല്‍കോഡിലെ 137-ാം വകുപ്പിന്‍ പ്രകാരം ഒരു കൊല്ലത്തെ വെറും തടവിനും 100 രൂപ പിഴ ഒടുക്കാനും വിധിച്ചു. 1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1973-ല്‍ അന്തരിച്ചു.
അലിക്കണ്ണ് എം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് നിലയ്ക്കാമുക്കില്‍ 1911 ജനുവരി 1-ന് ജനിച്ചു. 1938 ആഗസ്റ് സെപ്തംബര്‍ മാസങ്ങളില്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ നടന്ന സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തു. കടയ്ക്കല്‍ ലഹളയില്‍ പങ്കെടുത്തതിന് അറസ്റ് ചെയ്യപ്പെട്ട് ലോക്കപ്പിലായി.
അലിക്കുഞ്ഞ് കെ പി
തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് 1918 ഡിസംബര്‍ 18-ന് ജനിച്ചു. 1939-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉത്തരവാദ ഭരണപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. 1940-ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അന്തരിച്ചു.
ആനിമസ്ക്രീന്‍
തിരുവനന്തപുരത്ത് 1902-ല്‍ ജനിച്ചു. തിരുവനന്തപുരത്ത് അഭിഭാഷകയായി ജീവിതം ആരംഭിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാക്കളിലൊരാളും ആദ്യത്തെ പ്രവര്‍ത്തകസമിതിയിലെ അംഗവുമായിരുന്നു. 1938 നവംബര്‍ മാസത്തില്‍ പട്ടം താണുപിള്ളയോടൊപ്പം മദ്ധ്യതിരുവിതാംകൂറില്‍ പ്രചാരണയാത്ര നടത്തി. ശാര്‍ക്കര മൈതാനത്തും കാട്ടാക്കടയും നടത്തിയ പ്രസംഗങ്ങളെ അടിസ്ഥാനമാക്കി രണ്ടു കേസുകളിലായി രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്തു. തിരുവിതാംകൂറിലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. 1942 ആഗസ്റ് 30 ന് നിരോധന ഉത്തരവ് ലംഘിച്ച് തിരുവനന്തപുരത്ത് പൊതു യോഗത്തില്‍ പ്രസംഗിച്ചതിന് അറസ്റിലായി. 1944-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1949-ല്‍ കൊച്ചിയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായി. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി തല്‍സ്ഥാനം രാജിവെച്ചു. 1950-ല്‍ കോണ്‍ഗ്രസ് വിട്ടു. 1952-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. 1963 ജൂലൈ 19-ന് അന്തരിച്ചു.
അപ്പുക്കുട്ടന്‍ കെ
തിരുവനന്തപുരം തൈക്കാട് 1918 ഏപ്രില്‍ 18-ന് ജനിച്ചു. ഇ എസ് എല്‍ സി പാസ്സായി. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്.
കാസിം പിള്ള
അബ്ദുല്‍ കരീം (കാസിം പിള്ള) തിരുവനന്തപുരം ജില്ലയിലെ കല്ലറയില്‍ 1907 ജനുവരി 27-ന് ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. കല്ലറ, പാങ്ങോട് കലാപത്തില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോയി.
അബ്ദുല്‍ മജീദ് എസ്
1909 ഡിസംബര്‍ 20 ന് തിരുവനന്തപുരത്തെ ചിറയിന്‍കീഴ് താലൂക്കിലെ വക്കത്ത് ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉത്തരവാദ ഭരണപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. ജയിലില്‍ കിടന്നിട്ടുണ്ട്.
അബ്ബാസ് കെ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് 1912 ഫെബ്രുവരി 15 ന് ജനിച്ചു. 1938 ഒക്ടോബറില്‍ നടന്ന കല്ലറ പാങ്ങോട് കലാപത്തില്‍ പങ്കെടുത്തു. ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചെങ്കിലും പിന്നീടത് തടവ് ശിക്ഷയാക്കി കുറച്ചു. ജയിലില്‍ 24 വര്‍ഷം കിടന്നു.
അയ്യങ്കാളി
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ 1863 സെപ്തംബര്‍ 2 ന് ജനിച്ചു. പുലയരുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. അവരുടെ അവശതകള്‍ പരിഹരിക്കാന്‍ വേണ്ടി “സാധു പരിപാലന സംഘം” രൂപീകരിച്ചു. പുലയ സമുദയ പ്രതിനിധിയായി, തിരുവിതാംകൂര്‍ ശ്രീമൂലം പ്രഭാ സഭ മെമ്പറായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ഏറെക്കാലം ആ നിലയില്‍ തുടരുകയും ചെയ്തു. മഹാനായ ജനകീയ നേതാവും സംഘാടകനുമായിരുന്നു. 1941 ജൂണ്‍ 18 ന് അന്തരിച്ചു.
അച്യുതന്‍പിള്ള കെ
1909 ഒക്ടോബര്‍ 30 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കടവട്ടാരം, അമ്പലത്തുംവിള വീട്ടില്‍ ജനിച്ചു. 5-ാം ക്ളാസ് വരെ പഠിച്ചു. തുടക്കം മുതല്‍ തന്ന തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1938-ലെ നെയ്യാറ്റിന്‍കര പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 3 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചെങ്കിലും കാലാവധി കഴിയുന്നതിനു മുമ്പേ മോചിക്കപ്പെട്ടു.
അച്യൂതമേനോന്‍ വി
കൊച്ചിയിലെ വെമ്പാലശ്ശേരി തറവാട്ടിലെ അംഗമായി ജനിച്ചു. തിരുവനന്തപുരത്ത് അഭിഭാഷകനായിരുന്നു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1924 നവംബര്‍ 13-ന് ശംഖുമുഖം കടപ്പുറത്ത് ‘സവര്‍ണ്ണജാഥ’ യുടെ സമാപനത്തിനു വേണ്ടി കൂടിയ പൊതുയോഗത്തില്‍ അധ്യക്ഷനാകുകയും ക്ഷേത്രപ്രവേശന പ്രസ്ഥാനത്തെ സഹായിക്കുകയും ചെയ്തു. നിരവധി പൊതുയോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ച് തിരുവിതാംകൂറിലെ ജനങ്ങളില്‍ ദേശീയബോധം ഉണര്‍ത്താന്‍ പരിശ്രമിച്ചു. തിരുവിതാംകൂറില്‍ പൌരസ്വാതന്ത്യ്ര പ്രക്ഷോഭങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
അന്ത്രിയോസ് ഇ
തിരുവനന്തപുരത്ത് വട്ടപ്പാറയില്‍ 1921 ന് ജനിച്ചു. നാലാം ക്ളാസ്സുവരെ പഠിച്ചു. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിനു വേണ്ടി സജീവമായ പ്രചാരണത്തിലേര്‍പ്പെട്ടു. പല പ്രാവശ്യം പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട്.
പ്രസന്റേഷന്‍ രാജ എ പി
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് 1909 സെപ്തംബറില്‍ ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ മുതല്‍ വിഴിഞ്ഞത്തും പുല്ലുവിളയിലും പൂവാറിലും നിന്ന് സ്റേറ്റ് കോണ്‍ഗ്രസില്‍ അംഗങ്ങളെ ചേര്‍ത്തു. 1938-ല്‍ വട്ടിയൂര്‍ക്കാവില്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ നിരോധിക്കപ്പെട്ട വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. 1939-ല്‍ ഇരുമ്പില്‍ (നെയ്യാറ്റിന്‍കര) ജാഥയില്‍ പങ്കെടുത്തതിന് അറസ്റിലാവുകയും 24 ദിവസം നെയ്യാറ്റിന്‍കര പോലീസ് സ്റേഷനില്‍ കിടക്കുകയും ചെയ്തു.
കെ പ്രഭാകരന്‍
1922-ല്‍ തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ മഹാകവി കുമാരനാശാന്റെ മകനായി ജനിച്ചു. 1938 ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1942 ഒക്ടോബറില്‍ ക്വിറ്റിന്ത്യാ സമരക്കാലത്ത് തിരുവനന്തപുരത്ത് സത്യാഗ്രഹമനുഷ്ഠിച്ചതിന് രണ്ടാഴ്ച കസ്റഡിയില്‍ വയ്ക്കപ്പെട്ടു.
ചിന്നസ്വാമി സി
തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ മുടവൂര്‍പ്പാറയില്‍ 1913 ഏപ്രില്‍ 13 ന് ജനിച്ചു. മുടവൂര്‍പ്പാറ സ്വരാജ്യാശ്രമത്തില്‍ നിന്നും നെയ്ത്തിലും നൂല്‍നൂല്‍പ്പിലും പരിശീലനം ലഭിച്ചു. 1930 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വോളന്റിയറായി. ബോംബയില്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ക്രൂരമായി ലാത്തിച്ചാര്‍ജ്ജിനിരയായി. കോഴിക്കോട് ഉപ്പു നിയമം ലംഘിച്ചതിന് പോലീസ് പീഡനത്തിനിരയായി. തുടര്‍ന്ന് മുടവൂര്‍പ്പാറയിലേക്ക് മടങ്ങിയെങ്കിലും നെയ്യാറ്റിന്‍കര പോലീസ് കുറച്ചു ദിവസം ലോക്കപ്പിലിട്ടു. അയ്യന്‍കാളിയുടെ അനുയായിയാവുകയും അധ:സ്ഥിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കൃഷ്ണന്‍ നാടാര്‍ ആര്‍
തിരുവനന്തപുരത്ത് മുടവന്‍മുകളില്‍ 1914 ജൂലൈ 25-ന് ജനിച്ചു. 1938 സെപ്തംബര്‍ 21-ന് നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത് ശംഖുംമുഖം കടപ്പുറത്ത് നടത്തിയ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തു. പൊതുയോഗത്തിന്റെ നേര്‍ക്ക് തിരുവിതാംകൂര്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രക്തസാക്ഷിയായി.
കൃഷ്ണന്‍ നായര്‍ വി
തിരുവനന്തപുരത്ത് വട്ടപ്പാറയില്‍ ജനിച്ചു. 1938 സെപ്തംബറില്‍ ഉത്തരവാദ ഭരണപ്രസ്ഥാനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്കൂളുകള്‍ പിക്കറ്റ് ചെയ്തപ്പോള്‍ പോലീസ് മര്‍ദ്ദിച്ചു. 1938 ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ വോളന്റിയര്‍ പ്രകടനത്തിലും 1938 ഡിസംബറില്‍ വട്ടിയൂര്‍ക്കാവില്‍ വച്ചു നടന്ന സ്റേറ്റ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിലും പങ്കെടുത്തു. 1941-ല്‍ വെമ്പായം വില്ലേജ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ചു.
കൃഷ്ണന്‍ നായര്‍ പൂജപ്പുര
തിരുവനന്തപുരത്ത് 1917 ഏപ്രില്‍ 9 ന് ജനിച്ചു. മെട്രിക്കുലേഷന്‍ വരെ പഠിച്ചു. 1936 – വരെ ഓള്‍ ട്രാവന്‍കൂര്‍ യൂത്ത് ലീഗില്‍ അംഗമായിരുന്നു.1939 തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉത്തരവാദഭരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. തിരുവിതാംകൂറിലെ നിരോധനാജ്ഞ ലംഘിച്ചതിന് 1939 ഒക്ടോബറിലും നവംബറിലും ജയിലില്‍ കഴിഞ്ഞു. 1939 ഡിസംബര്‍ 11 ന് വീണ്ടും അറസ്റിലായി രണ്ടു മാസം തടങ്കലില്‍ കഴിഞ്ഞു. 1940 മാര്‍ച്ചില്‍ രാജ്യദ്രോഹപരമായ പ്രസംഗങ്ങള്‍ ചെയ്തുവെന്നാരോപിച്ച് ഒരു വര്‍ഷത്തെ തടവു ശിക്ഷയനുഭവിച്ചു. 1942 ജനുവരി 2 നു വീണ്ടും അറസ്റിലായി. നാലു മാസം ജയിലില്‍ കഴിഞ്ഞു. 1942 മുതല്‍ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1964 ആഗസ്റില്‍ അന്തരിച്ചു.
കരുണാകന്‍ കെ മണ്ണന്തല
1915-ല്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ജനിച്ചു. അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതിനാല്‍ പിരിച്ചുവിടപ്പെട്ടു. സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. കോണ്‍ഗ്രസിന്റെ മദ്യവര്‍ജ്ജന പരിപാടിയോടനുബന്ധിച്ച് സേവാദള്‍ വോളന്റിയര്‍ ക്യാപ്റ്റനായി. ക്വിറ്റിന്ത്യാസമരത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിലും യൂണിവേഴ്സിറ്റി കോളേജിലും കോണ്‍ഗ്രസ് പതാക കെട്ടിയതിന് 18 മാസം പോലീസ് ലോക്കപ്പില്‍ കിടന്നു. കമ്മ്യൂണിസ്റു പ്രവര്‍ത്തകനായി. പാര്‍ട്ടിയുടെ ആദ്യത്തെ തിരുവനന്തപുരം കമ്മിറ്റി സെക്രട്ടറിയായി. തിരുവനന്തപുരം ലേബര്‍ യൂണിയന്റെ സെക്രട്ടറിയായി. തുടര്‍ന്ന് വിവിധ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി.
കരുണാകരന്‍ നായര്‍ കെ
തിരുവനന്തപുരത്ത് മണക്കാട് 1912 ഡിസംബര്‍ 12 ന് ജനിച്ചു. 1930 ല്‍ കോഴിക്കോട്ട് നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തു. ഫറോക്കില്‍ മദ്യഷാപ്പു പിക്കറ്റു ചെയ്യുമ്പോള്‍ അറസ്റിലായി.
കുഞ്ചു ജി
തിരുവനന്തപുരം ജില്ലയിലെ നഗരൂരില്‍ 1909 ഒക്ടോബര്‍ 28 ന് ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1938 ഒക്ടോബറില്‍ കടയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തു.
കുഞ്ഞന്‍ കെ
1906-ല്‍ തിരുവനന്തപുരം ജില്ലയിലെ വെണ്‍പകലില്‍ ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ലഭിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയംഗമായി. 1938-ല്‍ സെപ്തംബറിലെ രാഷ്ട്രീയ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നാരോപിച്ച് നെയ്യാറ്റിന്‍കര പോലീസ് സ്റേഷന്‍ ലോക്കപ്പില്‍ രണ്ടുദിവസം തടവില്‍ വച്ചു. 1938 ഡിസംബറില്‍ സര്‍ക്കാര്‍ നിരോധിച്ച ‘വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് സമ്മേളന’ത്തില്‍ വോളന്റിയറായി പങ്കെടുത്തു. 1946-ല്‍ നാഗര്‍ കോവിലില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
കുഞ്ഞന്‍ വി
1909 നവംബറില്‍ ആറ്റിങ്ങലിലെ അവനവഞ്ചരിയില്‍ ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ലഭിച്ചു. 1938 ഒക്ടോബറില്‍ കടയ്ക്കല്‍ കലാപത്തില്‍ പങ്കെടുത്തു. രാജാവിനെതിരെ യുദ്ധത്തിനൊരുമ്പെട്ടുവെന്നാരോപിച്ച് 40-ാം പ്രതിയാക്കി കേസെടുത്തു. വിചാരണയ്ക്കു ശേഷം ശിക്ഷിക്കപ്പെട്ടെങ്കിലും 55 ദിവസം കഴിഞ്ഞ് മോചിതനായി.
കുഞ്ഞന്‍ നാടാര്‍
1911-ല്‍ തിരുവനന്തപുരം ജില്ലയില്‍ തിരുപുറത്ത് ജനിച്ചു. ബി.എ ബി.എല്‍ ഡിഗ്രികള്‍ നേടി. 1936-ല്‍ നെയ്യാറ്റിന്‍കരയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1935-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചു. തുടക്കം മുതല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേരുകയും ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1938-ല്‍ നിയലംഘന സമരക്കാലത്ത് 14-ാം ഡിക്ടേറ്ററാവുകയും അറസ്റിലാവുകയും ചെയ്തു. 1938 ഡിസംബറില്‍ വട്ടിയൂര്‍ക്കാവില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ ഒന്നാം സമ്മേളനത്തില്‍ ആയിരം വോളന്റിയര്‍മാരെ നയിച്ചതിന് 2 വര്‍ഷത്തെ തടവു ശിക്ഷയനുഭവിച്ചു. അന്തരിച്ചു.
കേശവന്‍ കെ
തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് 1910 നവംബര്‍ 16 ന് ജനിച്ചു. നാലാം ക്ളാസ്സ് വരെ പഠിച്ചു. 1930-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വിദേശവസ്ത്ര ബഹിഷ്കരണത്തിലും മദ്യവര്‍ജ്ജന പ്രസ്ഥാനത്തിലും പങ്കെടുത്തു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉത്തരവാദ ഭരണപ്രസ്ഥാനത്തില്‍ പങ്കെടുത്തു. നന്ദിയോട് വില്ലേജ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയംഗമായും തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു. 1938 സെപ്തംബര്‍ 21 ന് അറസ്റിലായി. പൊതുമാപ്പു പ്രഖ്യാപിച്ചതുകൊണ്ട് ഒക്ടോബര്‍ 23 ന് വിട്ടയച്ചു. കല്ലറ-പാങ്ങോട് സമരക്കേസില്‍ വീണ്ടും അറസ്റിലായി. അഞ്ചു മാസം ജയിലില്‍ കഴിഞ്ഞു.
കൃഷ്ണന്‍ എസ്
തിരുവനന്തപുരത്തു ചാക്കയില്‍ 1925 ആഗസ്റ് 3 ന് ജനിച്ചു. കച്ചവടം തൊഴിലായി സ്വീകരിച്ചു. 1942 തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള സമരത്തില്‍ സജീവമായി പങ്കെടുത്തു. 1947 ജൂലൈ 13-ന് തിരുവനന്തപുരത്ത് പേട്ട മൈതാനത്തില്‍ നിരോധിക്കപ്പെട്ട യോഗത്തില്‍ പങ്കെടുത്തു. പോലീസ് വെടിവെപ്പില്‍ വലത്തേക്കാലിനു പരിക്കുപറ്റി.
കൃഷ്ണന്‍ കെ ഭരതന്നൂര്‍
ചിറയിന്‍കീഴില്‍ പുല്ലായിയില്‍ 1899 ജനുവരി 27 ന് ജനിച്ചു. 1938-ല്‍ കല്ലറയിലും പാങ്ങോടും നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തു. ഈ രണ്ടു സ്ഥലത്തും പ്രക്ഷോഭം അക്രമാസക്തമാവുകയും ഭരണകൂടത്തിനെതിരെയുള്ള യുദ്ധമായി മാറുകയും ചെയ്തു. പോലീസ് ഒന്നര വര്‍ഷം നെടുമങ്ങാടു സ്റേഷനിലെ ലോക്കപ്പിലിട്ടിരുന്നു. രാജാവിനെതിരായി യുദ്ധം ചെയ്തുവെന്നാരോപിച്ച് തിരുവിതാംകൂര്‍ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴുമരത്തില്‍ അന്ത്യശ്വാസം വലിച്ചു.
കുട്ടന്‍ പിള്ള വി
1908 മെയ് 20 ന് തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1938 സെപ്റ്റംബര്‍ 19 ന് തിരുവനന്തപുരത്ത് നിരോധനാജ്ഞ ലംഘിച്ച് നടത്തിയ ജാഥയില്‍ പങ്കെടുത്തുന്നതിന് ക്രൂരമര്‍ദ്ദനത്തിനിടയാവുകയും ഒരു ദിവസം ലോക്കപ്പില്‍ കിടക്കുകയും ചെയ്തു. രാഷ്ട്രീയ തടവുകാരുടെ നിരുപാധിക മോചനം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 23 ന് തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. 1938 ഡിസംബറില്‍ വട്ടിയൂര്‍ക്കാവില്‍ നടന്ന നിരോധിക്കപ്പെട്ട സ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു.
കുട്ടന്‍ പിള്ള സി
1910 സെപ്തംബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലെ നടൂര്‍ക്കൊല്ലയില്‍ ജനിച്ചു. 1938 ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1938 ആഗസ്റ് 31 ന് രണ്ടാം സ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് (ഡിക്റ്റേറ്റര്‍) എന്‍.കെ പത്മനാഭപിള്ളയുടെ അറസ്റിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര ബസ് സ്റാന്‍ഡില്‍ തിരുവിതാംകൂര്‍ പട്ടാളം നടത്തിയ വെടിവയ്പില്‍ രക്തസാക്ഷിയായി.
കുഞ്ഞുകൃഷ്ണ പിള്ള ജി
1911 ജൂണ്‍ 1 ന് ആറ്റിങ്ങലിലെ അവനവഞ്ചരിയില്‍ ജനിച്ചു. നാലാം ക്ളാസ് വരെ പഠിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരുടെ 60-ാം പിറന്നാള്‍ ആഘോഷങ്ങളെ എതിര്‍ത്തതിന് 27 ദിവസം തടവുശിക്ഷയനുഭവിച്ചു. അവനവഞ്ചരിയില്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കുഞ്ഞുപിള്ള എ
1909 ആഗസ്റ് 26-ന് ജനിച്ചു. 1938-ല്‍ തിരുവിതാംകൂര്‍ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. കരുനാഗപ്പള്ളി പോലീസ് സ്റേഷന്‍ ആക്രമണ കേസില്‍ അറസ്റിലായി. ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ കഴിഞ്ഞു. 1960-ല്‍ അന്തരിച്ചു.
കുഞ്ഞുരാമന്‍ എന്‍
1906 മേയ് 31 ന് തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ ജനിച്ചു. ബി എ, ബി എല്‍ ഡിഗ്രികള്‍ നേടി 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിരവധി വര്‍ഷം സ്റേറ്റ് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു. ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 6 തവണ ജയില്‍ ശിക്ഷയനുഭവിച്ചു. 1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 1949-51-ല്‍ തിരു-കൊച്ചി സംസ്ഥാനത്ത്
ടി.കെ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു. 1960-ല്‍ കേരള നിയമസഭാംഗമായിരുന്നിട്ടുണ്ട്. അന്തരിച്ചു.
കുഞ്ഞുരാമന്‍ നായര്‍ കെ
1938-ല്‍ തിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേരുകയും ഉത്തരവാദ ഭരണപ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും തടവുശിക്ഷയനുഭവിക്കുകയും ചെയ്തു. 1941-ല്‍ മലയായിലേക്കു പോയി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ രണ്ടാം ലഫ്റ്റനന്റ് ആയിരുന്നു. 1947-ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നു.
കുട്ടന്‍ നായര്‍ സി
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശി. തിരുവനന്തപുരം ലാ കോളേജില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ 1921-ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും പഠനം ഉപേക്ഷിക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. 1926-ല്‍ തിരുവിതാംകൂര്‍ ‘ന്യൂസ് പേപ്പര്‍ റെഗുലേഷന്‍’ പിന്‍വലിക്കാന്‍ വേണ്ടി നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അധ:കൃത വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി നടത്തിയ വൈക്കം, ഗൂരുവായൂര്‍, തിരുവാര്‍പ്പ് സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തു. ഗാന്ധിജിയുടെ അനുയായി ആയിത്തീരുകയും ഖാദി, അയിത്തോച്ചാടനം ഹിന്ദി പ്രസ്ഥാനം എന്നിവയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലും അംഗമായിരുന്നു. കൊച്ചി സംസ്ഥാന പ്രജാമണ്ഡലത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു. ക്വിറ്റിന്ത്യാ സമരകാലത്ത് കൊച്ചി സംസ്ഥാനത്തെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം തടവിലായി. 1962 ഒക്ടോബര്‍ 1 ന് കോയമ്പത്തൂരില്‍ അന്തരിച്ചു.
ഗോവിന്ദ പിള്ള കെ കെ
തിരുവനന്തപുരത്തു കരമനയില്‍ 1906 ആഗസ്റ് 12 ന് ജനിച്ചു. 1928 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ ലാത്തിച്ചാര്‍ജ്ജിനിരയായി. 1938 സെപ്തംബറില്‍ സര്‍ക്കാര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിനെ നിരോധിച്ചപ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു തന്റെ വീട്ടില്‍ അഭയം കൊടുക്കുകയും ഒളിവില്‍ കഴിഞ്ഞുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. 1942 ല്‍ ‘ദേശാഭിമാനി’ യുടെ പ്രതി കൈവശം വെച്ചതിനു പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.
ഡോ. പത്മനാഭ പിള്ള
ഭാരത സ്വാതന്ത്യ്ര സമരത്തിന് നിതാന്ത യാതനയനുഭവിച്ച ഡോ. ചെമ്പകരാമന്‍ പിളളയോടൊപ്പം വിദേശങ്ങളില്‍ അടിപതറാതെ പൊരുതുകയും അവസാനം ബ്രിട്ടീഷ് ചാരന്‍മാരാല്‍ അന്ത്യം സംഭവിക്കുകയും ചെയ്ത മറ്റൊരു ധീരവിപ്ളവകാരിയാണ് ഡോ. പത്മനാഭ പിളള. ചെമ്പകരാമന്‍ പിളളയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചറിഞ്ഞ ബ്രിട്ടീഷ് അധികൃതര്‍ അദ്ദേഹത്തിന് ഇന്ത്യയിലേക്കുളള പ്രവേശനം നിരോധിച്ചു. തന്റെ അസാന്നിദ്ധ്യത്തില്‍ ദക്ഷിണേന്ത്യയിലെ സ്വാതന്ത്യ്ര സമര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന് പത്മനാഭ പിളളയെ ചെമ്പകരാമന്‍ പിളള നിയോഗിച്ചു. നാട്ടിലെത്തിയ പത്മനാഭ പിളള തന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവരില്‍ നിന്ന് മറച്ചു വയ്ക്കാന്‍ മ്യൂസിയത്തില്‍ ക്യൂറേറ്ററായി ജോലി സ്വീകരിക്കുകയും കൊട്ടാരം ഡോക്ടറായിരുന്ന ശങ്കരമൂര്‍ത്തിയാ പിളളയുടെ മകള്‍ രാജമ്മാളെ വിവാഹം കഴിക്കുകയും പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഡോ. ചെമ്പകരാമന്‍ പിളള പത്മനാഭ പിളളയെ ജര്‍മ്മനിയിലേക്കു വീണ്ടും ക്ഷണിച്ചു. 1926 ല്‍ സുഖദായകമായ കുടുംബ ജീവിതവും ഉദ്യോഗവും ഉപേക്ഷിച്ച് പത്മനാഭപിളള വിദേശത്തേക്ക് യാത്ര തിരിച്ചു. ഹ്രസ്വകാലം വിദേശത്തു കഴിഞ്ഞ ശേഷം മടക്കയാത്രയില്‍ കപ്പലില്‍ വെച്ച് ബ്രിട്ടീഷ് ചാരന്‍മാര്‍ ആ ജീവന്‍ അപഹരിച്ചു.
വക്കം മൌലവി
തിരുവിതാംകൂര്‍ ചരിത്രത്തെ പിടിച്ചുലച്ച സംഭവമാണ് അബ്ദുള്‍ ഖാദര്‍ മൌലവിയുടെ ഉടമസ്ഥതയിലുളള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപത്യം കെ രാമകൃഷ്ണപിളള ഏറ്റെടുത്തത്. ദിവാന്‍ ഭരണത്തിനെതിരെ ഉഗ്രമായ പോരാട്ടത്തിന് തുടക്കം കുറിച്ചു. ഉല്പതിഷ്ണുവായ അദ്ദേഹം വിപ്ളവകരങ്ങളായ ആശയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു. തന്റെ പുരോഗമന ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ പത്രപ്രവര്‍ത്തനം ശക്തമയ ഒരു ആയുധമായി അദ്ദേഹം കണ്ടു. ഇംഗ്ളണ്ടില്‍ നിന്നും പ്രസ്സ് വാങ്ങി 1904 ല്‍ സ്വദേശാഭിമാനി പത്രം ആരംഭിച്ചു. ഏതാണ്ട് അര നൂറ്റാണ്ട് കാലം മുമ്പ് തിരുവിതാംകൂറിലെ അവികസിത ഗ്രാമത്തില്‍ സ്വദേശാഭിമാനിയെന്ന പേരില്‍ പ്രസിദ്ധീകരണം പുറത്തിറക്കുക എന്നതു തന്ന അദ്ദേഹത്തിന്റെ ദേശസ്നേഹത്തേയും വിശാല വീക്ഷണ ഗതിയേയും വിളംബരം ചെയ്യുന്നു. 1910 ല്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിളളയെ നാടുകടത്തുകയും പ്രസ്സും പത്രവും കണ്ടു കെട്ടുകയും ചെയ്തു.
സി. കൃഷ്ണന്‍ നായര്‍
മഹാത്മജിയുടെ പോലും തികഞ്ഞ പ്രശംസയ്ക്കു അര്‍ഹനായ ദേശീയ നേതാവും അഖിലേന്ത്യാ തലത്തില്‍ സമാദരണീയനുമായിരുന്നു സി. കൃഷ്ണന്‍ നായര്‍. ദിവാന്‍ ഭരണകാലത്ത് തിരുവിതാംകൂറിലെ ഫീസ് വര്‍ധനവിനെതിരെയുളള സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിന്നും ബഹിഷ്കൃത നായെങ്കിലും പില്‍ക്കാലത്ത് ദേശീയതലത്തില്‍ അംഗീകാരം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞ ശ്രേഷ്ഠ വ്യക്തിത്വമാണ് സി കൃഷ്ണന്‍ നായരുടേത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മേഖലയിലും ധീരമായ പങ്കു വഹിച്ചു. അധ്യാപകനായിരുന്ന അദ്ദേഹം സബര്‍മതിയില്‍ അംഗമായി. 1930 ലെ ഉപ്പു സത്യാഗ്രഹത്തിലും ദണ്ഡിയാത്രയിലും മഹാത്മജിയോടൊപ്പം പങ്കെടുത്തു. ഡല്‍ഹിയില്‍ സേവാശ്രമം സ്ഥാപിച്ചു. 1937 ല്‍ ഡല്‍ഹി കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുത്തു. അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയംഗം, പാര്‍ലമെന്റംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുളള അദ്ദേഹം 7 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞു. 1967 നു ശേഷം കോണ്‍ഗ്രസ്സിന്റെ നയത്തില്‍ വേദന പൂണ്ട് നിശബ്ദനായി കഴിഞ്ഞു. 1984 ല്‍ നിര്യാതനായി.
ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള
സ്വാതന്ത്യ്രസമര രംഗത്ത് ധീരമായ നേതൃത്വം കൊടുത്ത ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, മഹാത്മജി, രാജാജി തുടങ്ങിയവരുടെ സ്നേഹാദരങ്ങള്‍ ആര്‍ജ്ജിക്കുകയുണ്ടായി. ദേശീയ നേതാക്കള്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ചങ്ങനാശ്ശേരിയുടെ അതിഥിയായി കഴിഞ്ഞിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തില്‍ മന്നത്ത് പത്മനാഭനോടൊന്നിച്ച് രാജധാനിയിലെത്തി 28,000 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി റീജന്റുറാണിയ്ക്ക് നല്കി കൊണ്ട് സംസാരിച്ചതും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളളയായിരുന്നു. ക്ഷേത്രപ്രവേശന കമ്മിറ്റിയംഗം ഹരിജനസേവാസംഘ അദ്ധ്യക്ഷന്‍ കേരള കര്‍ഷക സംഘ അധ്യക്ഷന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളളയുടേത്.
കെ പി നീലകണ്ഠ പിള്ള
വൈക്കം സത്യാഗ്രഹകാലഘട്ടം മുതല്‍ നിവര്‍ത്തന പ്രക്ഷോഭണത്തിന്റെ സങ്കീര്‍ണ്ണമേഖലകളിലൂടെ ഉത്തരവാദ ഭരണ പ്രക്ഷോഭണത്തിലേക്ക് കടന്ന് വന്ന പ്രബുദ്ധമായ കഴിഞ്ഞ തലമുറയിലെ ധീരനായ നേതാവാണ് കെ പി നീലകണ്ഠപിളള. ഉത്തരവാദ ഭരണ പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഘട്ടം. പട്ടം താണുപിളള, സി കേശവന്‍, ടി എം വര്‍ഗ്ഗീസ് തുടങ്ങിയ പ്രമുഖരായ പലരും അറസ്റ് ചെയ്യപ്പെട്ടു. അക്കാലത്താണ് അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ ഗംഭീരപ്രകടനം തിരുവനന്തപുരത്ത് നടന്നത്. ആ സമരത്തിന്റെ നേതൃത്വ സ്ഥാനത്തും തുടര്‍ന്ന് ഒട്ടേറെ സമരനിലകളിലും അടിപതറാതെ നിലയുറപ്പിച്ച കെ.പി, സ്വാതന്ത്യസമരസേനാനി എന്ന നിലയില്‍ അനുഭവിച്ച യാതനകള്‍ക്ക് അറുതിയില്ല. സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സാമൂഹ്യ വിരുദ്ധന്‍മാരെ രാജ്യമെമ്പാടും അധികാരികള്‍ ഉപയോഗിച്ചിരുന്നു. തലസ്ഥാന നഗരിയില്‍ പട്ടത്തു വച്ച് ഗുണ്ടകള്‍ കെ.പി യെ പതിയിരുന്ന് ആക്രമിക്കുകയും ഇരുമ്പ് കമ്പികൊണ്ട് പ്രഹരിക്കുകയും പീഢനമേറ്റ് അദ്ദേഹം അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. അതില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളളയും ജി രാമചന്ദ്രനും സമരരംഗത്ത് സജീവമായി പ്രത്യക്ഷപ്പെട്ടതും നാട്ടിലെങ്ങും പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചതും സ്വാതന്ത്യ്ര സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.
ഉള്ളൂര്‍ ഗോപി
ഗോപി ഉള്ളൂര്‍.വി (ഉളളൂര്‍ ഗോപി) തിരുവനന്തപുരത്ത് ഉളളൂരില്‍ 1916 ഫെബ്രുവരി 18 ന് ജനിച്ചു. ഇന്റര്‍മീഡിയറ്റു വരെ പഠിച്ചു. 1938 ല്‍ പൊന്നറ ശ്രീധര്‍ നയിച്ച ഓള്‍ ട്രാവന്‍കൂര്‍ യൂത്ത് ലീഗില്‍ ചേര്‍ന്നു. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് 1938 സെപ്റ്റംബര്‍ 21 ന് തിരുവനന്തപുരത്തു വച്ച് അറസ്റിലായി. നാലു വര്‍ഷത്തെ തടവിനു ശിക്ഷിച്ചെങ്കിലും സര്‍ക്കാര്‍ പൊതുമാപ്പു പ്രഖ്യാപിച്ചതുകൊണ്ട് ഒക്ടോബര്‍ 23 ന് ജയിലില്‍ നിന്നു മോചിതനായി. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് തിരുവനന്തപുരം താലൂക്കു കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1939 ല്‍ കമ്മ്യൂണിസ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് 1941 ആഗസ്റ് 31 ന് അറസ്റിലായി. നാലു വര്‍ഷവും, ഒരു മാസവും തടവുശിക്ഷ ലഭിച്ചു. ക്രിപ്സ് മിഷന്‍ വരുന്നതിന്റെ തലേ ദിവസം ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ടു. 1942 ല്‍ ഒളിവില്‍ കഴിഞ്ഞു. തിരുവനന്തപുരം താലൂക്കു കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി എന്ന നിലയ്ക്ക് ക്വിറ്റിന്ത്യാ സമരത്തിനു നേതൃത്വം നല്‍കി. 1946 ല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സെക്രട്ടറിയേറ്റിലേക്കു പട്ടിണി മാര്‍ച്ച് നയിച്ചു. നാല് വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും, ചീഫ് ജസ്റിസിന്റെ ഉത്തരവനുസരിച്ച് ഏഴു മാസം കഴിഞ്ഞു മോചിപ്പിക്കപ്പെട്ടു. ഹൈക്കോടതി പരിസരത്തു വച്ചു തന്ന വീണ്ടും അറസ്റു ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും, നാടകീയമായി അപ്രത്യക്ഷമായി ഒളിവില്‍ കഴിഞ്ഞു. മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്യാനന്തരം അറസ്റു വാറന്റുകളൊക്കെ റദ്ദു ചെയ്തതിനുശേഷമാണ് അദ്ദേഹം ഒളിവില്‍ നിന്നു പുറത്തു വന്നത്. പില്‍ക്കാലത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറി. 1998 നവംബര്‍ 23 ന് അന്തരിച്ചു.
ഗോവിന്ദന്‍ കെ
1906 ല്‍ ജനിച്ചു. 1930 ല്‍ തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്ടേയ്ക്കു പൊന്നറ ശ്രീധര്‍ നയിച്ച സത്യാഗ്രഹജാഥയില്‍ വോളന്റിയറായി ചേര്‍ന്നു. കോഴിക്കോട്ടു കടപ്പുറത്ത് ഉപ്പുസത്യാഗ്രഹം നടത്തിയതിന് പോലീസ് അറസ്റു ചെയ്തു. 1935 ല്‍ തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനു വേണ്ടിയുളള പ്രസ്ഥാനത്തില്‍ പങ്കെടുത്തു. ആലപ്പുഴയില്‍ ജാഥയില്‍ പങ്കെടുത്തതിന് അറസ്റലായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം തടവില്‍ കഴിഞ്ഞു.
ജോസഫ് കെ എസ്
തിരുവനന്തപുരത്ത് 1902 മാര്‍ച്ച് 9 ന് ജനിച്ചു. 1923 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1938 മുതല്‍ ഉത്തരവാദ ഭരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1938 സെപ്തംബര്‍-ഒക്ടോബറിലെ പ്രക്ഷോഭം നടക്കുമ്പോള്‍ ചെങ്ങന്നൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഡിക്റ്റേറ്ററായി. അതിനു ശേഷം തിരുവല്ലാ ഡിവിഷന്‍ സ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1938 ഒക്ടോബര്‍ 23 ന് മഹാരാജാവിനു മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതിനു വേണ്ടി തിരുവനന്തപുരത്തു കിഴക്കേകോട്ടയില്‍ ഒരുമിച്ചു കൂടിയ ഓള്‍ ട്രാവന്‍കൂര്‍ വോളന്റിയര്‍മാരുടെ ഒരു സംഘത്തെ നയിച്ചു. 1944 ല്‍ തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് കൌണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1945 മുതല്‍ 1947 വരെ ഓള്‍ ട്രാവന്‍കൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയംഗമായിരുന്നു. 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1964 ജൂലൈയില്‍ അന്തരിച്ചു.
നായര്‍ എ പി
തിരുവനന്തപുരം ജില്ലയിലെ പെരുംപഴുതൂര്‍ ഗ്രാമത്തില്‍ 1881 ആഗസ്റില്‍ ജനിച്ചു. 1921 ല്‍ തിരുവനന്തപുരത്ത് വിദ്യാര്‍ഥി സമരത്തോടനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൌണ്ടില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. നെയ്യാറ്റിന്‍കരയില്‍ മദ്യശാലകള്‍ പിക്കറ്റ് ചെയ്തതിന് തിരുവനന്തപുരം ഒന്നാം ക്ളാസ്സ് മജിസ്ട്രേട്ടിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ് ചെയ്തു. നാഗ്പൂര്‍ പതാക സത്യാഗ്രഹത്തോട് അനുബന്ധിച്ച് നെയ്യാറ്റിന്‍കരയില്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചു. 1928 മുതല്‍ 1931 വരെ ശ്രീിമൂലം അംസംബ്ളിയില്‍ അംഗമായിരുന്നു. 1947-ല്‍ നെയ്യാറ്റിന്‍കര താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി.
നായര്‍ പി എം
നായര്‍ പി എം (മാധവന്‍ നായര്‍) തിരുവനന്തപുരത്ത് 1901 ഏപ്രില്‍ 24 ന് ജനിച്ചു. 1924-ല്‍ 9 മാസം വൈക്കം സത്യാഗ്രഹത്തില്‍ വോളന്റിയറായി പങ്കെടുത്തു. പിന്നീട് 1938 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഖാദി പ്രചാരണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 1938-ല്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
നായര്‍ സി ഡി
നായര്‍ സി.ഡി (ദാമോദരന്‍ നായര്‍) തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ 1910 മാര്‍ച്ച് 6-ന് ജനിച്ചു. 1941 ജൂലൈയില്‍ സിംഗപ്പൂരിലേയ്ക്ക് പോവുകയും ‘ഇന്ത്യന്‍ പാസ്സീവ് ഡിഫന്‍സ് കോര്‍പ്പി’ല്‍ ഗ്രൂപ്പ് ലീഡറാവുകയും ചെയ്തു. ഈ സംഘടന വഴിയാണ് യുദ്ധത്തിന് അഭയാര്‍ത്ഥികളായ ഇന്ത്യന്‍ സ്തീകള്‍ക്കും കുട്ടികള്‍ക്കും ആഹാരം, വൈദ്യ സഹായം എന്നിവ എത്തിച്ചിരുന്നത്. ഐ.എന്‍.എ യില്‍ ചേര്‍ന്നു. 1945 ഒക്ടോബറില്‍ ബ്രിട്ടീഷ് സൈന്യം സിംഗപ്പൂര്‍ തിരികെ പിടിച്ചപ്പോള്‍ അറസ്റിലാവുകയും ബ്രിട്ടീഷ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പീഡനത്തിനിരയാവുകയും ചെയ്തു. 1946 മാര്‍ച്ചില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മലയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. 1946 മേയില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം സിംഗപ്പൂര്‍ വിടാന്‍ ഉത്തരവുണ്ടായി. ഐ.എന്‍.എ സംയുക്ത ക്യാമ്പിലേക്ക് മാറി ഒളിവില്‍ കഴിയുകയും 1947-ല്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
ഡോ നായിഡു
ഡോ നായിഡു എം ഇ (എബെരുമാള്‍ നായിഡു) തിരുവനന്തപുരത്ത് കളിപ്പാന്‍കുളത്ത് 1880 ആഗസ്റ് 29-ന് ജനിച്ചു. എല്‍.ആര്‍.സി.പി & എസ്. (എഡിന്‍ബര്‍ഗ്) എല്‍.എഫ്.പി & എസ് (ഗ്ളാസ്ഗോ) എല്‍.എം (ഡബ്ളിന്‍) ഇവ പാസ്സായി. സിലോണ്‍ മെഡിക്കല്‍ വിഭാഗത്തില്‍ കുറെക്കാലം പ്രവര്‍ത്തിച്ചു. 1921-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലും 1942-ല്‍ വൈക്കം ക്ഷേത്ര സത്യാഗ്രഹത്തിലും പങ്കെടുത്തു. ചങ്ങനാശ്ശേരിയിലെ കെ.പി പിള്ളയുടെ നേതൃത്വത്തില്‍ 1924 നവംബര്‍ 13-ന് വൈക്കം സവര്‍ണ്ണജാഥയുടെ ആഭിമുഖ്യത്തില്‍ വൈക്കം ക്ഷേത്ര പരിസരത്തുള്ള എല്ലാ വീഥികളും ജാതി മതഭേദമില്ലാതെ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് മഹാറാണി റീജന്റിന് മെമ്മോറാണ്ടം നല്‍കിയ 12 പ്രതിനിധികളില്‍ ഒരാളായിരുന്നു.
നാരായണ കുരുക്കള്‍ കെ
തിരുവനന്തപുരത്ത് 1861-ല്‍ ജനിച്ചു. സമകാലീന രാഷ്ട്രീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു “പാറപ്പുറം” എന്ന നോവല്‍ രചിച്ചു. ഇദ്ദേഹവുമായുള്ള സാഹിത്യ ബന്ധം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ സ്വാധീനിച്ചുട്ടുണ്ട്. 1948 ജൂണ്‍ 12-ന് അന്തരിച്ചു.
നാരായണ പിള്ള കെ
തിരുവനന്തപുരത്ത് തമലത്ത് 1921 ഒക്ടോബര്‍ 30-ന് ജനിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ വോളന്റിയറായി ചേരുകയും ഉത്തരവാദഭരണപ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്തു. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരുടെ 60-ാം പിറന്നാള്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ആഘോഷിക്കുവാന്‍ ശ്രമിച്ചതിനെ എതിര്‍ത്തതിന് 1939-ല്‍ അറസ്റു ചെയ്യപ്പെട്ടു. 7 മാസം തടവ് അനുഭവിച്ചു.
പത്മനാഭ പിള്ള എന്‍ കെ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ 1873-ല്‍ ജനിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ സഹോദരനായിരുന്നു. 12 വര്‍ഷം തിരുവിതാംകൂറില്‍ ശ്രീമൂലംപ്രജാസഭയില്‍ അംഗമായിരുന്നു. 1938-ല്‍ രൂപീകൃതമായ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. സി.പി രാമസ്വാമി അയ്യരെ ദിവാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഉത്തരവാദ ഭരണം കൊണ്ടു വരണമെന്നും കാണിച്ച് 1938 മെയ് 30-ന് തിരുവിതാംകൂര്‍ മഹാരാജാവിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. പട്ടം താണുപിള്ള അറസ്റിലായപ്പോള്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ ഡിക്റ്റേറ്ററായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1938 ഡിസംബറില്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് ദിവാനെതിരെയായി നല്‍കിയ മെമ്മോറാണ്ടം കണക്കിലെടുത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ് ചെയ്തു. ഗാന്ധിജിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മെമ്മോറാണ്ടം പിന്‍വലിച്ചതോടെ കുറ്റം ഒഴിവായി. 1961 ജൂണ്‍ 21-ന് അന്തരിച്ചു.
പത്മനാഭ പിള്ള കെ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ 1884-ല്‍ ജനിച്ചു. 1938 ആഗസ്റില്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഉത്തരവാദ ഭരണ പ്രക്ഷോഭണത്തോടനുബന്ധിച്ചുള്ള നിയമലംഘന സമരത്തില്‍ പങ്കെടുത്തു. സ്റേറ്റ് കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ എന്‍.കെ പത്മനാഭ പിള്ളയുടെ അറസ്റിനെത്തുടര്‍ന്ന് 1938 ആഗസ്റ് 31-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ വേണ്ടി തിരുവിതാംകൂര്‍ സംസ്ഥാന സൈന്യം നെയ്യാറ്റിന്‍കര ബസ്റാന്റില്‍ നടത്തിയ വെടിവയ്പ്പില്‍ രക്തസാക്ഷിയായി.
കളത്തില്‍ വേലായുധന്‍ നായര്‍
സ്വാതന്ത്രസമരസേനാനി, പ്രമുഖ അഭിഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കഴിഞ്ഞ തലമുറയ്ക്കു വിസ്മരിക്കാനാകാത്ത വ്യക്തിത്വമായിരുന്നു കളത്തില്‍ വേലായുധന്‍ നായരുടേത്. 1912 ജനുവരി 9 ന് ജനിച്ചു. ബി എ ബി എല്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം അഭിഭാഷകനെന്ന നിലയില്‍ വളരെ വേഗം പ്രശസ്തിയാര്‍ജ്ജിച്ചു. വയലാര്‍ പുന്നപ്ര കേസില്‍ കമ്മ്യൂണിസ്റു പാര്‍ട്ടി നേതാക്കള്‍ക്കുവേണ്ടി കളത്തില്‍ രംഗത്തുവന്നു. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് കണ്‍വീനറായിരുന്ന കളത്തില്‍ 1952-ല്‍ എ.ജെ.ജോണ്‍ മന്ത്രസഭയില്‍ അംഗമായി നിയമസഭയിലേക്ക് പലപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്രാന്തദര്‍ശിയായ കളത്തില്‍ ഭരണരംഗത്തും അഭിഭാഷകനെന്ന നിലയിലും തന്റെ പ്രതിഭാവിലാസം പ്രകടമാക്കിയിട്ടുണ്ട്. സ്വാതന്ത്യ്ര സമരം കത്തിക്കാളുന്ന ഘട്ടത്തില്‍ കളത്തിലിന്റെ തൈക്കാട്ടുള്ള സി.ആര്‍ ലോഡ്ജ് സമരസേനാനികളുടെ അഭയകേന്ദ്രമായിരുന്നു.
കെ ആര്‍ ഇലങ്കത്ത്
സ്വാതന്ത്യ്രസമരരംഗത്തും സഹകരണമേഖലയിലും സജീവമായി പ്രവര്‍ത്തിച്ച ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനാണ് കെ.ആര്‍ ഇലങ്കത്ത്. കല്‍ക്കുളം താലൂക്കില്‍ നെയ്യൂര്‍ ഇലങ്കം വീട്ടില്‍ ആര്‍.കുമാരപിള്ളയുടേയും കെ.ആര്‍ ഗൌരിപിള്ളയുടേയും പുത്രനായി ജനിച്ചു. കെ രാമകൃഷ്ണപിള്ള ഇലങ്കത്ത് എന്നാണ് ശരിയായ പേര്. ബി എ ബിരുദം നേടിയ ശേഷം പാല്‍ക്കുളങ്ങര എന്‍ എസ് എസ് ഹൈസ്കുള്‍ അധ്യാപകന്‍, ഹെഡ്മാസ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് നിയമബിരുദം നേടി. 1933-ല്‍ ശ്രീമൂലം അസംബ്ളിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1937-ല്‍ കല്‍കുളത്തെ പ്രതിനിധീകരിച്ച് ശ്രീചിത്രാ സ്റേറ്റ് കൌണ്‍സിലില്‍ അംഗമായി. സ്വാതന്ത്യ്രസമരസേനാനി എന്ന നിലയില്‍ നിരവധി പ്രാവശ്യം ജയില്‍ ശിക്ഷയ്ക്കു വിധേയനായി.
എസ് വരദരാജന്‍ നായര്‍
സ്വാതന്ത്യ്രസമരസേനാനി, നിയമസഭാംഗം, കെ.പി.സി.സി പ്രസിഡന്റ്, തിരുവനന്തപുരം നഗരസഭാദ്ധ്യക്ഷന്‍, ഉന്നതമായ ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളില്‍ കഴിഞ്ഞ തലമുറയുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ ഒരപൂര്‍വ്വ വ്യക്തിത്വമാണ് എസ് വരദരാജന്‍ നായരുടേത്. തിരുവിതാംകൂറിലേയും കൊച്ചിയിലേയും ദിവാന്‍ജിയായിരുന്ന പി.രാജഗോപാലാചാരിയുടേയും വഞ്ചിയൂര്‍ അംബുജവിലാസത്തില്‍ അമ്മുക്കുട്ടി അമ്മയുടേയും മകനായി 1914-ല്‍ ജനിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്ന സജീവരാഷ്ട്രീയത്തില്‍ ഭാഗഭാക്കായി ബി എ ബിരുദം നേടിയ അദ്ദേഹം മഹാത്മജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി മുഴുവന്‍സമയരാഷ്ട്രീയക്കാരനായി. പത്രപ്രവര്‍ത്തനരംഗത്തും സജീവമായി നിലയുറപ്പിച്ചു. സര്‍ സി.പി യുടെ ‘സ്വതന്ത്ര തിരുവിതാംകൂര്‍’ പ്രസ്ഥാനത്തിനെതിരായി ശക്തിയായി നിലയുറപ്പിച്ച സാഹസിക വ്യക്തിത്വത്തിന്റെ ഉടമയാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയത്തിനു ശക്തിയേകിയ ബാരിസ്റര്‍ എ.കെ പിള്ളയ്ക്കെതിരായി ധീരമായ നിലപാടു സ്വീകരിച്ച വരദരാജന്‍ നായര്‍ സ്വാതന്ത്യ്ര സമരത്തില്‍ അതീവപ്രാധാന്യമര്‍ഹിക്കുന്ന പേട്ട രാജേന്ദ്രമൈതാനം സംഭവത്തിലും നേതൃനിരയിലുണ്ടായിരുന്നു. 1946-ല്‍ തിരുവനന്തപുരം നഗരപിതാവായി.
സി നാരായണ പിള്ള
കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ഒരു ശക്തിദുര്‍ഗംതന്ന യായിരുന്നു സാഹസിക ജീവിതത്തിന്റെ ഉടമയായ സി നാരായണപിള്ള. സ്വാതന്ത്യ്ര സമരസേനാനി, നിര്‍ഭയനും നീതിമാനുമായ പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വാഗ്മി എന്നീ നിലകളില്‍ കഴിഞ്ഞ തലുമുറയുടെ സ്നേഹബഹുമാനങ്ങള്‍ക്ക് പാത്രമായിരുന്നു സി. നാരായണപിള്ള.
ഡോ. ജി രാമചന്ദ്രന്‍
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഹരിജനോദ്ധാരണത്തിലൂടെ സ്വതന്ത്രസമരരംഗത്തേക്കു കടന്നു വന്ന ചിന്തകനും തികഞ്ഞ ഗാന്ധിയനും എഴുത്തുകാരനുമായിരുന്നു ഡോ. ജി രാമചന്ദ്രന്‍. 1904 ഒക്ടോബര്‍ 18-ാം തീയതി നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. നിസ്സഹകരണപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം 1921-ല്‍ കോളേജ് വിട്ടു. ടാഗോറിന്റെ വിശ്വഭാരതിയില്‍ നിന്ന് ഓണേഴ്സ് ബിരുദം നേടി. സബര്‍മതി ആശ്രമത്തിലേക്കു പോയി. മഹാത്മജിയുടെ അനുയായിയായി അദ്ദേഹത്തിന്റെ സ്നേഹവിശ്വാസങ്ങളാര്‍ജ്ജിക്കുകയും ചെയ്തു. മദിരാശിയിലെ ഹരിജനസേവാസംഘം പ്രവര്‍ത്തകനായി. കേരളത്തിലെ സ്വാതന്ത്യ്രസമരരംഗത്തും നേതൃത്വം കൊടുത്തു. ‘ഉപ്പ്സത്യാഗ്രഹ’ത്തിലും ക്ഷേത്രപ്രവേശന സമരത്തിലും മുന്‍നിരയില്‍ തന്ന നിലയുറപ്പിച്ചു. തിരുവിതാംകൂറിലെ ജനകീയമന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം അഖിലേന്ത്യാ ഗ്രാമവ്യവസായ സംഘം ജന: സെക്രട്ടറിയായി.
എന്‍ സി ശേഖര്‍
യൂത്തുലീഗിലൂടെ കോണ്‍ഗ്രസിലും പിന്നീട് കമ്മ്യൂണിസ്റു പാര്‍ട്ടിയിലും നേതൃനിരയിലേക്കു വന്ന ധീരസാഹസികനാണ് എന്‍ സി ശേഖര്‍. നെയ്യാറ്റിന്‍കര വെങ്ങാനൂര്‍ ഗ്രാമത്തില്‍ വിഴിഞ്ഞത്തു 1904 ജൂലൈയില്‍ വി നാരായണപിള്ളയുടെ മകനായി എന്‍.സി ജനിച്ചു. 1928 മുതല്‍ നെയ്യാറ്റിന്‍കര ഇംഗ്ളീഷ് ഹൈസ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തനനിരതനായി. വെങ്ങാനൂര്‍ സഹോദരസമാജത്തിലൂടെ പൊതുരംഗത്തേക്കു കടന്നു വന്നു. സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായി നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്തു. 1930-ല്‍ ജയില്‍ ശിക്ഷയ്ക്കു വിധേയനായി. 1931-ല്‍ യൂത്ത് ലീഗിന്റെ സജീവപ്രവര്‍ത്തകനായി. സ്വാതന്ത്യ്രസമരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്ത പ്രസ്ഥാനമായിരുന്നു യൂത്ത് ലീഗ്. 1932-33 ല്‍ എ.ഐ.ടി.യു.സി യുടെ ആള്‍ കേരളാ ട്രേഡ് യൂണിയന്‍ കമ്മിറ്റി സെക്രട്ടറിയായി.
ബോധേശ്വരന്‍
കഴിഞ്ഞ തലമുറയുടെ പുരോഗമന വിപ്ളവശക്തികളുടെ ഹരവും ആവേശവുമായിരുന്നു ബോധേശ്വരന്‍. ആധ്യാത്മിക രംഗത്തെ ചൈതന്യമുള്‍ക്കൊണ്ടുകൊണ്ട് ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്യ്രസമരയോദ്ധാക്കളെ ആവേശഭരിതരാക്കുന്ന സമരാത്മചൈതന്യവും ധാര്‍മ്മിക ലാവണ്യവും ഉള്‍ക്കൊള്ളുന്ന നിരവധി കവിതകള്‍ രചിച്ചും ആരാധ്യനായി. ജാതിരഹിത സമൂദായ സൃഷ്ടിക്കുവേണ്ടി ആര്യസമാജം, ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണ മിഷന്‍ തുടങ്ങിയ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ടാണ് ബോധേശ്വരന്‍ പൊതുരംഗത്തേയ്ക്കു വന്നത്. തിരുവിതാംകൂറില്‍ നിന്നും തിരിച്ച വൈക്കം സത്യാഗ്രഹ ജാഥയുടെ സൂത്രധാരനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ അയിത്തോച്ചാടന കമ്മിറ്റി കാര്യദര്‍ശിയുമായിരുന്നു.
നെയ്യാറ്റിന്‍കര ചമ്പയില്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞന്‍പിള്ളയുടേയും ജാനകി അമ്മയുടേയും മകനായി 1901 ഡിസംബറില്‍ ജനിച്ചു. കാഞ്ഞിരംകുളം ഹൈസ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദേശാടനത്തിനിറങ്ങിത്തിരിച്ച ബോധേശ്വരന്‍ കാശിയില്‍ വച്ചാണ് കേശവപിള്ളയെന്ന തന്റെ നാമം ബോധേശ്വരനെന്ന് തിരുത്തിയത്. കേരളഗാനം എന്ന അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ തലമുറയുടെയാകെ പ്രശംസക്കര്‍ഹമായി. സ്വാതന്ത്യ്രസമരസേനാനികളില്‍ ആവേശമുണര്‍ത്തുന്ന മറ്റൊട്ടേറെ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
എ പി ഉദയഭാനു
സ്വാതന്ത്യ്ര സമരസേനാനി, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ തിരു-കൊച്ചി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ എന്നി നിലകളില്‍ ഒരു സമുന്നത വ്യക്തിത്വമാണ് ഉദയഭാനുവിന്റേത്. അഭിഭാഷകവൃത്തിക്കിടയില്‍ ദേശീയപ്രസ്ഥാനവുമായും കോണ്‍ഗ്രസ് പ്രസ്ഥാനവുമായും സജീവമായി ബന്ധപ്പെട്ടു. സ്റേറ്റ് കോണ്‍ഗ്രസിന്റെ അഖിലതിരുവിതാംകൂര്‍ പ്രവര്‍ത്തക സമിതി അംഗമായി 1946-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1944-ലും 48-ലും നിയമസഭാസാമാജികനായി.
ജൂബ്ബാ രാമകൃഷ്ണ പിള്ള
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തില്‍ ജയില്‍ ശിക്ഷയ്ക്കു വിധേയനായ ജൂബ്ബാ രാമകൃഷ്ണപിള്ള ജയില്‍ വിമോചിതനായ ശേഷം ഹരിജനക്ഷേമം തന്റെ മുഖ്യ ജീവിത ധര്‍മ്മമായി തെരെഞ്ഞെടുത്തു. ഫ്രീ ഹരിജന്‍ സ്കൂള്‍ സ്ഥാപിച്ചു കൊണ്ട് ആ രംഗത്ത് ഹരിശ്രീ കുറിച്ചു. മഹാത്മജി ഒരിക്കല്‍ ആ വിദ്യാഭ്യാസ സ്ഥാപനം സന്ദര്‍ശിക്കുകയും ചെയ്തു. മനുഷ്യന്റെ വിസര്‍ജന വസ്തുക്കള്‍ ചുമന്നു മാറ്റാന്‍ വിധിക്കപ്പെട്ട തോട്ടികള്‍ എന്ന പേരിലറിയപ്പെട്ട വിഭാഗത്തെ ഉദ്ധരിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച രാമകൃഷ്ണപിള്ള നിത്യദുരന്തമനുഭവിക്കുന്ന ആ വിഭാഗക്കാര്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്തു. അതിനായി തോട്ടിതൊഴിലാളി യൂണിയന്‍ രജിസ്റര്‍ ചെയ്തു. 1944-ല്‍ രൂപം കൊണ്ട പ്രസ്തുത യൂണിയന്‍ ശക്തിയാര്‍ജ്ജിച്ചു വളര്‍ന്നു. സേവനവ്യവസ്ഥ ശമ്പളവര്‍ദ്ധനവ് എന്നിവക്കു വേണ്ടി രാമകൃഷ്ണപിള്ള നടത്തിയ ഉപവാസം വിജയിച്ചതോടെ ആ വിഭാഗത്തിന്റെ പ്രിയങ്കരനായ നേതാവായി അദ്ദേഹം മാറി.
ടി.എം. വര്‍ഗ്ഗീസ്
തന്റെ സര്‍വ്വസ്വവും രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതില്‍ ജീവിത സാഫല്യം കണ്ടെത്തിയ കര്‍മ്മയോഗിയും പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയുമായ ടി.എം. വര്‍ഗ്ഗീസ് 1885 ഏപ്രില്‍ 25-ാം തീയതിയാണ് ജനിച്ചത്. സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാവ്, പ്രമുഖ അഭിഭാഷകന്‍, ശ്രീ മൂലം അസംബ്ളിയുടെ വൈസ് പ്രസിഡന്റ്, നാട്ടുരാജ്യ പ്രജാ കൌണ്‍സിലിന്റെ ഉപാധ്യക്ഷന്‍, തിരുവിതാംകൂറിലെ ആദ്യ ആഭ്യന്തരമന്ത്രി, തിരുക്കൊച്ചി നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ ജനങ്ങളെ സേവിച്ചു. ഉത്തരവാദിത്വ ഭരണം നടപ്പിലാക്കണമെന്ന പ്രമേയം ഇന്ത്യയിലെ ഒരു സംസ്ഥാന നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച ക്രാന്തദര്‍ശി കൂടിയായിരുന്നു ശ്രീമാന്‍ ടി.എം. വര്‍ഗ്ഗീസ്.
സ്വാതന്ത്ര്യാനന്തര തിരുവിതാംകൂര്‍
1947 സെപ്തംബറില്‍ ഉത്തരവാദഭരണം പ്രഖ്യാപിക്കപ്പെടുകയും 1948 മാര്‍ച്ചു മാസത്തില്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഉണ്ടാവുകയും ചെയ്തു. .1949-ല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടുകൂടി തിരുവിതാംകൂര്‍ സ്റേറ്റ് ഫോഴ്സ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി. 1956-ല്‍ രാജപ്രമുഖന്‍ സ്ഥാനം നിറുത്തലാക്കിയതു മുതല്‍ ബോഡിഗാര്‍ഡ് വിഭാഗം നിര്‍ത്തലാക്കപ്പെട്ടു. മൈസൂര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യത്തെ നിയമസഭ ഉണ്ടാകുന്നത് തിരുവിതാംകൂറിലാണ്. 1888-ല്‍ അഞ്ച് ഉദ്യോഗസ്ഥന്‍മാരും മൂന്ന് അനുദ്യോഗസ്ഥന്‍മാരുമുണ്ടായിരുന്നു. എട്ടംഗ സഭയുടെ അദ്ധ്യക്ഷന്‍ ദിവാനായിരുന്നു. ‘തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് കൌണ്‍സില്‍’ എന്ന ആ സ്ഥാപനം 1904-ലും 1914- ലും വികസിപ്പച്ചുതിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൌണ്‍ഹാളില്‍ വച്ചാണ് ആദ്യ സമ്മേളനം നടന്നത്. മഹാരാജാവിന്റെ ഭരണഘടനാ ഉപദേഷ്ടാവായ സര്‍ സി.പി രാമസ്വാമി അയ്യരുടെ ഉപദേശ പ്രകാരം കൊല്ല വര്‍ഷം 1108-ലെ രണ്ടാം റഗുലേഷന്‍ നിലവില്‍ വരുകയും അതിന്‍ പ്രകാരം ഒരു ദ്വിമണ്ഡല സഭ സ്ഥാപിതമാവുകയും ചെയ്തു; ശ്രീചിത്രാ സ്റേറ്റ് കൌണ്‍സിലും, ശ്രീമൂലം പ്രജാസഭയും. ഉപദേശക സമിതി മാത്രമായിരുന്ന രണ്ട് സമിതികളും അതോടെ ഭരണഘടനാപരമായ സമിതികളായി. 37 പേരുള്ള കൌണ്‍സിലില്‍ 22 പേരും 72 അംഗങ്ങളുള്ള അസംബ്ളിയില്‍ 48 പേരും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ദിവാനായിരുന്നു ഇരു സഭകളുടെയും പ്രസിഡന്റ്. ഡെപ്യൂട്ടി പ്രസിഡന്റിനെ അതതു സഭകള്‍ക്ക് തെരഞ്ഞെടുക്കാം. രണ്ട് സഭകളുടെയും ആദ്യയോഗം വി.ജെ.റ്റി ഹാളില്‍ 1933 ജൂലൈയില്‍ കൂടി. 1939-ല്‍ ‘ഹജൂര്‍ കച്ചേരി’ ക്കനുബന്ധമായി സ്ഥാപിച്ച നിയമസഭാ മന്ദിര ത്തിലാണ് പിന്നീട് യോഗം ചേര്‍ന്നത്. 1946 ആഗസ്തിലാണ് ഇരു സഭകളുടെയും അവസാന യോഗം നടന്നത്. 1949-ല്‍ തിരു-കൊച്ചി സംയോജനത്തെത്തുടര്‍ന്ന് രണ്ട് രാജ്യങ്ങളിലേയും നിലവിലുണ്ടായിരുന്ന അസംബ്ളികള്‍ സംയോജിച്ച് തിരു-കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ളി നിലവില്‍ വന്നു.
ആദ്യ തെരഞ്ഞെടുപ്പ്
ശ്രീ മൂലം തിരുനാളിനു ശേഷം അധികാരത്തില്‍ വന്ന റീജന്റു റാണിയും ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവും നിയമസഭയുടെ കാലോചിതമായ പുരോഗതിയ്ക്കു വേണ്ടത്ര പ്രചോദനം നല്‍കി. 1948 ജനുവരി 30-ന് മഹാത്മജിയുടെ വേര്‍പാട്ഭാരതത്തെയാകെ തീരാദു:ഖത്തിലാഴ്ത്തി. തെരെഞ്ഞെടുപ്പില്‍ 120 സീറ്റില്‍ 112 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഇതില്‍ 97 സീറ്റില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. 8 സീറ്റ് മുസ്ളീം ലീഗിനും 14 സീറ്റ് തമിഴ്നാട്കോണ്‍ഗ്രസ്സിനും ലഭിച്ചു. 1948 മാര്‍ച്ച് 20-ാം തീയതി ശനിയാഴ്ച തിരുവിതാംകൂറിലെ പ്രഥമ ഭരണഘടനാ നിര്‍മ്മാണ സമിതി രൂപം കൊണ്ടു. മഹാരാജാവ് മാര്‍ച്ച് 24-ാം തീയതി അസംബ്ളിയെ നിയമനിര്‍മ്മാണസഭയാക്കികൊണ്ട് വിളംബരം പുറപ്പെടുവിച്ചു. അന്നു തന്ന പട്ടം താണു പിള്ള പ്രധാനമന്ത്രിയായും സി.കേശവനും, ടി.എം വര്‍ഗീസും സഹമന്ത്രിമാരായുമുള്ള പ്രഥമ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു. ഉത്തരവാദഭരണം തിരുവിതാംകൂറില്‍ നിലവില്‍ വന്നശേഷം (1948 മാര്‍ച്ച് 22) ഭാരതം റിപ്പബ്ളിക് ആകുന്നതിനിടയ്ക്കുള്ള 1949-50 വരെയുള്ള കാലഘട്ടത്തില്‍ ഒഫിഷ്യേറ്റിംഗ് ദിവാന്‍ജിയായി ചുരുങ്ങിയ കാലം (21/08/1947 – 24/03/1948) പി.ജി.എന്‍ ഉണ്ണിത്താന്‍ അധികാരത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പൊതു തെരെഞ്ഞെടുപ്പ് നടന്നത്.
ഹരിപുരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ്സമ്മേളന തീരുമാനപ്രകാരം തിരുവി താംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സും കൊച്ചിന്‍ പ്രജാ മണ്ഡലവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിനെ രാജപ്രമുഖനായി നിയമിച്ചു. കൊച്ചീരാജാവിനു അടുത്തൂണ്‍ നല്‍കി രാജകീയ ചുമതലയില്‍ നിന്ന് ഒഴിവാക്കി. 1949-മുതല്‍ 1956-ല്‍ കേരളപ്പിറവി വരെ ശ്രീ ചിത്തിരതിരുനാള്‍ രാജപ്രമുഖനായി തുടര്‍ന്നു. സംയോജന പ്രമേയത്തില്‍ ഒപ്പു വച്ചതോടെ സാമ്രാജ്യത്വശക്തിയുടെ ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് കാലത്തിന്റെ പ്രവാഹത്തില്‍ വിസ്മൃതിയിലാണ്ടു പോയി. അവസാനം സര്‍ദാര്‍ പട്ടേലിന്റെ മഹാമന സ്കതയും വി.പി മോനോന്റെ ഔദാര്യവും കൊണ്ട് ഭാരിച്ച പെന്‍ഷനും പദവികളും വാങ്ങി കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന ഭരണാധികാരികള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. കാലക്രമേണ ഈ ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് സാധാരണ പൌരന്‍മാരായിമാറി. 1956-ല്‍ കേരളപ്പിറവിയോടെ രാജപ്രമുഖസ്ഥാനത്ത് നിന്ന് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന് വിരമിക്കേണ്ടി വന്നു. 831 വര്‍ഷക്കാലം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജകുടുംബം യാതൊരു അധികാരങ്ങളും ഇല്ലാതെ ഒരു സാധാരണ കുടുംബമായി മാറി.
1931 നവംബര്‍ ആറാം തീയതി ഏഴു വര്‍ഷക്കാലത്തെ റീജന്റ് സേതു ലക്ഷ്മിഭായിയുടെ ഭരണത്തിന് ശേഷം തിരുവിതാംകൂറിലെ ഒരു മഹാരാജാവ് കിരീടമണിഞ്ഞു.ു. നിയുക്ത രാജാവിനെ ദിവാന്‍ സ്വീകരിച്ചാനയിച്ചപ്പോള്‍ ഇരുപത്തിയൊന്നു ആചാരവെടികള്‍ മുഴങ്ങി. തുടര്‍ന്നു രാജാവിനെ റസിഡണ്ട് വൈസ്രോയിയുടെ വിളംബരം വായിച്ചു. 19 വയസുളള ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവായി അധികാരമേറ്റു അന്ന് സായാഹ്നത്തില്‍ നഗരവീഥിയിലൂടെയുളള മഹാരാജാവിന്റെ എഴുന്നളളത്ത് കാണാന്‍ പതിനായിരങ്ങള്‍ തിങ്ങിക്കൂടി. ആറ് വെളളക്കുതിരകളെ ബന്ധിച്ച സ്വര്‍ണ്ണരഥത്തില്‍ കൂപ്പുകൈകളോടെ മഹാരാജാവ് പ്രത്യക്ഷപ്പെട്ടു. രാത്രി ഒന്‍പതര മണിയോടെ മഹാരാജാവ് കവടിയാര്‍ കൊട്ടാരത്തില്‍ പ്രവേശിച്ചു.തിരു-കൊച്ചി സംയോജനത്തോടെ ശ്രീ ചിത്തിര തിരുനാളിന് രാജപ്രമുഖന്‍ പദവി നല്‍കി. കേരള സംസ്ഥാനം രൂപമെടുത്ത 1956 നവംബര്‍ ഒന്നു വരെ ആ പദവിയില്‍ ശോഭിച്ചു. രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചത് അതോടെയാണ്.1991 ജൂലൈ 19-ാം തീയതി വെളളിയാഴ്ച അര്‍ദ്ധരാത്രി 12.10 ന് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് നാട് നീങ്ങി. അദ്ദേഹത്തിന്റെയും കൂടി ശ്രമഫലമായി രൂപംകൊണ്ട അഖിലേന്ത്യാ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
മറ്റു രാജകുടുംബാംഗങ്ങള്‍
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ്:
തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ശ്രീ ചിത്തിര തിരുനാളിനു ശേഷം അദ്ദേഹത്തിന്റെ കാലടികളെ പിന്തുടര്‍ന്നു പത്മനാഭദാസനെന്ന നിലയില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണവും മഹാരാജാവെന്ന പദവിയും ഉത്രാടം തിരുനാള്‍ ഇളയരാജാവ് 1991 ല്‍ ഏറ്റെടുക്കുകയുണ്ടായി. ഇളയരാജാവ് ഒരു വ്യവസായ പ്രമുഖനായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ സാഹിത്യ-കലാരംഗങ്ങളിലും അഗാധമായ അറിവ് ആര്‍ജ്ജിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിലെ ആധ്യാത്മിക കലാ-സാംസ്കാരിക സമ്മേളനങ്ങളില്‍ സജീവമായി ബന്ധപ്പെടാറുണ്ട്.
കേണല്‍ ഗോദവര്‍മ്മ :
ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഏകസഹോദരി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിബായിത്തമ്പുരാട്ടിയെ പൂഞ്ഞാര്‍കോയിക്കലെ കാര്‍ത്തിക തിരുനാള്‍ ഗോദവര്‍മ്മ വിവാഹം കഴിച്ചു (1934 ജനുവരി 25). വിവാഹ ബന്ധമെടുക്കുന്നതിന് പഴയ മാമൂലുകള്‍ പാലിക്കാന്‍ കഴിയില്ലെന്നുവന്നതോടെ തിരുവിതാംകൂറിലെ മറ്റു കോവിലകങ്ങള്‍ മതിയാകുമെന്ന അമ്മ മഹാറാണിയുടെ ആശയം മൂലമാണ് മദിരാശി മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പൂഞ്ഞാര്‍ കോവിലകത്തെ ഗോദവര്‍മ്മ രാജാവിനെ കണ്ടെത്തിയത്. കേരളത്തിലെ കായികരംഗത്ത് ഒരതികായനായിരുന്ന കേണല്‍ ഗോദവര്‍മ്മരാജാ കുട്ടികള്‍ക്ക് കായികവിനോദങ്ങള്‍ക്കായി മഹാരാജാവിന്റെ അനുഗ്രഹാശിസുകളോടെ ഒട്ടേറെ സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ക്കു രൂപം കൊടുത്തു. വേളിയിലെ ബോട്ടുക്ളബ്ബിനു ആധുനിക രൂപം നല്‍കിയതും, മഹാരാജാവിന്റെ അഭിലാഷപ്രകാരം വിമാനത്താവളം പണികഴിപ്പിച്ചതും ഗോദവര്‍മ്മരാജയാണ്. ഗോദവര്‍മ്മ-കാര്‍ത്തിക തിരുനാള്‍ ദമ്പതിമാരുടെ ആദ്യ സന്താനം ഒരാണ്‍കുട്ടിയായിരുന്നു-അവിട്ടം തിരുനാള്‍. ആറു വയസ്സുവരെ മാത്രമേ ആ കുട്ടി ജീവിച്ചിരുന്നുളളൂ. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ഈ കുഞ്ഞിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ്. 2-മത്തെ മകള്‍ ഗൌരി പാര്‍വ്വതിഭായി (പൂയം തിരുനാള്‍) 1118 ചിങ്ങം 22 ന് ജനിച്ചു. സംഗീതത്തിലും നൃത്തത്തിലും ലളിത കലകളിലും അതീവ തല്പരയായ അവര്‍ ഇംഗ്ളീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലും ആഴ്ന്നിറങ്ങിയ അവഗാഹമാര്‍ജ്ജിച്ചിട്ടുണ്ട്. മൂലം തിരുനാള്‍ രാമവര്‍മയാണ് കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടെ ഏറ്റവും ഇളയമകന്‍. ഈ തമ്പുരാന്‍ 1949 ലാണ് ജനിച്ചത്. കമ്പനി ബിസിനസ്സ് സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നു.
ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി (1945):
ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി കാര്‍ത്തിക തിരുനാളിന്റെ മൂന്നാമത്തെ മകളാണ്. വിവിധ രംഗങ്ങളില്‍ ശ്രദ്ധേയയായ അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടി. 1945 ജൂലൈ നാലിന് ജനിച്ചു. സാഹിത്യകലാരംഗങ്ങളുമായി സജീവമായി ബന്ധപ്പെട്ടു കഴിയുന്ന ലക്ഷ്മീഭായി തമ്പുരാട്ടി രചിച്ച ഇംഗ്ളീഷ് കവിതകള്‍ ദേശീയവും വിദേശീയവുമായ പ്രസിദ്ധീകരണങ്ങളില്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിനെക്കുറിച്ചുളള ഒരു കാവ്യസമാഹാരമായ തിരുമുല്‍ക്കാഴ്ചയാണ് അവരുടെ ആദ്യകൃതി. ശ്രീ പത്മനാഭ സ്വാമി ടെമ്പിള്‍ എന്ന പേരില്‍ ബൃഹത്തും മഹത്തരവുമായ ഒരു ആധികാരിക ചരിത്ര ഗവേഷണഗ്രന്ഥവും അവരുടേതായി പുറത്തു വന്നിട്ടുണ്ട്. രണ്ട് സന്താനങ്ങളാണ് ഇവര്‍ക്കുളളത്.
പ്രിവി പേഴ്സ്
തിരുവിതാംകൂര്‍ രാജകുടുംബം എക്കാലവും സമ്പന്നമായിരുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു ശേഷം തിരുവിതാംകൂര്‍ മഹാരാജാവിന് വര്‍ഷം തോറും 18 ലക്ഷം ഉറുപ്പിക പ്രിവിപേഴ്സ് ആയും രാജപ്രമുഖനായിരുന്നതിന്റെ പെന്‍ഷനും ലഭിച്ചിരുന്നു. പ്രിവിപേഴ്സും പ്രത്യേക അവകാശങ്ങളും നിറുത്തലാക്കി കൊണ്ട് ഇന്ത്യന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ ചില നാട്ടുരാജാക്കന്‍മാര്‍ സൂപ്രീം കോടതിയില്‍ കേസ്സ് കൊടുത്തു. വര്‍ഷം തോറും 21 ലക്ഷം രൂപ മഹാരാജാവിനു മാത്രമായും, മറ്റു കുടുംബാംഗങ്ങള്‍ക്ക് വേറെയും ലഭിച്ചിരുന്നതു കൊണ്ട് തിരുവിതാംകൂര്‍ രാജകുടുംബത്തിന് സാമ്പത്തിക പരാധീനത ഉണ്ടാകുമെന്ന് കരുതുന്നത് ശരിയല്ല. 1950 മുതല്‍ 1971-വരെ ഈ നില തുടര്‍ന്നു. മഹാരാജാവിനും മറ്റു കുടുംബാംഗങ്ങള്‍ക്കും വര്‍ഷം തോറും ലഭിച്ചിരുന്ന തുക താഴെ ചേര്‍ക്കുന്നു:
മഹാരാജാവ്
പ്രിവിപേഴ്സ് – പതിനെട്ട് ലക്ഷം
പെന്‍ഷന്‍ – 3 ലക്ഷം
ആകെ – 21 ലക്ഷം
മറ്റ് കുടുംബാംഗങ്ങള്‍ | ലഭിച്ചിരുന്ന തുക |
മാര്‍ത്താണ്ഡ വര്‍മ്മ ഇളയരാജാവ് | ഒരു ലക്ഷം |
അമ്മ മഹാറാണി | അറുപതിനായിരം |
കാര്‍ത്തിക തിരുന്നാള്‍ | ഇരുപതിനായിരം |
കാര്‍ത്തിക തിരുനാളിന്റെ പെണ്‍മക്കള്‍ ഗൌരി ലക്ഷ്മി ഭായി | പതിനായിരം |
ഗൌരി പാര്‍വ്വതി ഭായി | പതിനായിരം |
അമ്മ മഹാറാണിയുടെ താവഴിക്കു ആകെ കിട്ടിയിരുന്നത് | ഇരുപത്തി മൂന്ന് ലക്ഷം |
ഒരു വര്‍ഷത്തേക്കുള്ള തുകയാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഇരുപത് വര്‍ഷക്കാലം ഈ തുക ലഭിച്ചു കൊണ്ടിരുന്നു. ഈ തുക മുഴുവന്‍ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തിരു-കൊച്ചി സംയോജനം
സംയോജനത്തെ തുടര്‍ന്ന് കൊച്ചിക്കും കൂടി പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള മന്ത്രിസഭ തിരു-കൊച്ചിയില്‍ അധികാരത്തില്‍ വന്നു. തിരു-കൊച്ചി സംസ്ഥാനത്തിലെ പ്രഥമ മുഖ്യമന്ത്രി എന്ന ബഹുമതി പറവൂര്‍ ടി.കെ അര്‍ഹിക്കുന്നു. ഇക്കണ്ട വാര്യര്‍, എ.ജെ ജോണ്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, സഹോദരനയ്യപ്പന്‍, ഇ.കെ മാധവന്‍, ടി.എ.അബ്ദുള്ള, ആനിമസ്ക്രീന്‍, ഇ.ജോണ്‍ ഫിലിപ്പോസ്, എന്‍ കുഞ്ഞിരാമന്‍ തുടങ്ങിയവരായിരുന്നു മന്ത്രിസഭാംഗങ്ങള്‍
കേരള സംസ്ഥാനം
1957 നവംബര്‍ 1-ന് ഭാഷാ അടിസ്ഥാനത്തില്‍ മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍ എന്ന നിലയില്‍ തിരുവിതാംകൂര്‍-കൊച്ചിയും മലബാറും സംയോജിപ്പിച്ച് കേരള സംസ്ഥാനം നിലവില്‍ വന്നു. 1957 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാന അസംബ്ളിയിലേക്ക് പൊതുതെരെഞ്ഞെടുപ്പ് നടന്നു.126 അംഗങ്ങളാണ് ഒന്നാം കേരള നിയമസഭയില്‍ ഉണ്ടായിരുന്നത്. അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയ്ക്കായിരുന്നു ഭൂരിപക്ഷം. ഇ.എം.എസ് നമ്പൂതിരിപ്പാട്മുഖ്യമന്ത്രിയായി, പ്രഥമ മന്ത്രിസഭ 1957- ഏപ്രില്‍ 5-ന് അധികാരമേറ്റു. ഇന്ത്യയില്‍ ബാലറ്റുപേപ്പറിലൂടെ കമ്യൂണിസ്റ് പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ എത്തിയ സംഭവം. തെരെഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1957 – ഏപ്രില്‍ 5-ാം തീയതി കേരളത്തില്‍ അധികാരമേറ്റു. ധനമന്ത്രിയായിരുന്ന സി.അച്യുത മോനോനും, മറ്റു മന്ത്രിമാരായ മുണ്ടശ്ശേരി മാസ്റര്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ് , കെ.ആര്‍ ഗൌരി, വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. എ.ആര്‍ മേനോന്‍ തുടങ്ങിയവരും തങ്ങളുടെ വകുപ്പുകള്‍ അതി സമര്‍ത്ഥമായി കൈകാര്യം ചെയ്തു. 1957-59 ലെ കമ്മ്യൂണിസ്റ് മന്ത്രിസഭ നയപരമായ കാര്യങ്ങളില്‍ കൈകൊണ്ട തീരുമാനങ്ങള്‍ പില്ക്കാലത്ത് ശരിയായ ദിശയിലേക്കുള്ള വിപ്ളവങ്ങള്‍ തന്ന സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു.
നിയമസഭ
കേരളത്തില്‍ എക്സിക്യൂട്ടീവിന്റെയും ലെജിസ്ളേച്ചറിന്റെയും ആസ്ഥാനം തിരുവനന്തപുരത്താണ്. തലസ്ഥാനത്തിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി നിയമസഭാമന്ദിരംസ്ഥിതിചെയ്യുന്നു. ഈ മന്ദിര സമുച്ചയത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് അസംബ്ളി ബ്ളോക്ക്; രണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്. നിയമസഭ സമ്മേളിക്കുന്നത് അസംബ്ളി ബ്ളോക്കിലാണ്. 1998 മെയ് 22 നാണ് നിയമസഭാ സമുച്ചയത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി കെ.ആര്‍ നാരായണനായിരുന്നു നിര്‍വ്വഹിച്ചത്. 1998 ജൂണ്‍ 30 മുതല്‍ നിയമസഭ സമ്മേളിക്കുന്നത് ഇവിടെയാണ്. അതിനു മുന്‍പ് നിയമസഭ ചേര്‍ന്നത് ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ് വളപ്പിലെ നിയമസഭാ ഹാളിലാണ്. ആറു പതിറ്റാണ്ടു കാലം ഇവിടെ സഭ സമ്മേളിച്ചു. ആദ്യസമ്മേളനം 1939 ഫെബ്രുവരി 9-നായിരുന്നു. തിരുവിതാംകൂര്‍ ശ്രീമൂലംസഭയുടെ നാലാമത് സമ്മേളനം കേരളത്തെ മാറ്റി മറിച്ച അനവധി സംഭവങ്ങളും നിയമ നിര്‍മ്മാണങ്ങള്‍ക്കും വേദിയായിരുന്ന ഈ നിയമസഭാ ഹാള്‍ ഇപ്പോള്‍ ചരിത്ര സ്മാരകമാണ്. 2001 ഫെബ്രുവരി 24-ന് ഉപരാഷ്ട്രപതി കൃഷ്ണകാന്ത് നിയമസഭാഹാള്‍ ചരിത്ര സ്മാരകമായി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രപതി ഒരു സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യുക എന്ന അത്യപൂര്‍വ്വ ബഹുമതിയും നിയമസഭാ ഹാളിനു ലഭിച്ചു. 1997 സെപ്തംബര്‍ 18 നായിരുന്നു കെ.ആര്‍ നാരായണന്‍ കേരള നിയമസഭയെ അഭിസംബോധന ചെയ്തത്.നിയമസഭാസമ്മേളനങ്ങളുടെ പ്രധാന വേദിയായിരുന്നു വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍. 1904 ഒക്ടോബര്‍ 22 മുതല്‍ സെക്രട്ടറിയേറ്റിലെ നിയമസഭാ ഹാളില്‍ സമ്മേളനം ചേരുന്നതു വരെ മൂന്നര പതിറ്റാണ്ടുകാലം ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെയും ശ്രീ ചിത്രാ സ്റേറ്റ് കൌണ്‍സിലിന്റെയും സമ്മേളനങ്ങള്‍ വി.ജെ.ടി ഹാളിലാണ് നടന്നത്.